തിരുവനന്തപുരം: കേരള ഡിജിറ്റല്, സാങ്കേതിക സര്വകലാശാലകളിലെ താത്കാലിക വൈസ് ചാന്സലര്മാര്ക്ക് തത്ക്കാലം തുടരാം. രണ്ട് വിസിമാരുടെയും കാലാവധി മൂന്ന് ദിവസത്തേക്ക് കൂടി ഹൈക്കോടതി നീട്ടി നല്കി. സാങ്കേതിക സര്വകലാശാല വി സി ഡോ. കെ ശിവപ്രസാദിന്റെയും ഡിജിറ്റല് സര്വകലാശാല വൈസ് ചാന്സലര് ഡോ. സിസ തോമസിന്റെയും കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് ഡിവിഷന് ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.
സര്ക്കാര് നല്കുന്ന പാനലില് നിന്ന് നിയമനം നടത്തണമെന്ന സിംഗിള് ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് ചാന്സലര് കൂടിയായ ഗവര്ണർ നല്കിയ ഹര്ജിയിലാണ് നടപടി. സര്വകലാശാലകളില് നയപരമായ തീരുമാനങ്ങളെടുക്കുന്നതിന് താത്കാലിക വിസിമാര്ക്ക് ഹൈക്കോടതിയുടെ വിലക്കുണ്ട്.
ഗവര്ണറുടെ അപ്പീലില് വ്യാഴാഴ്ച ഹൈക്കോടതി വിശദമായ വാദം കേള്ക്കും. കേരള സാങ്കേതിക, ഡിജിറ്റല് സര്വകലാശാലകളിലെ താല്ക്കാലിക വിസി നിയമനം സര്ക്കാര് നല്കുന്ന പാനലില് നിന്ന് മാത്രമേ നടത്താനാവൂ എന്നായിരുന്നു സിംഗിള് ബെഞ്ചിന്റെ വിധി. സിസ തോമസ് കേസിലെ ഡിവിഷന് ബെഞ്ച് വിധി ഗവര്ണർ പാലിക്കണമെന്നും ആയിരുന്നു സിംഗിള് ബെഞ്ചിന്റെ നിര്ദ്ദേശം.
content highlights:'Temporary VCs of Kerala Digital and Technological Universities can continue for the time being'; High Court