പ്രമുഖ പാര്‍ട്ടി സിറ്റിംഗ് സീറ്റിലേക്ക് സ്ഥാനാര്‍ത്ഥിയെ ക്ഷണിക്കുന്നുവെന്ന് രാഹുൽ: അല്‍പ്പനെന്ന് എസ്‌കെ സജീഷ്

സ്ഥാനാര്‍ത്ഥിയെ ആദ്യം പ്രഖ്യാപിക്കാന്‍ ഇത് ഓട്ടമത്സരമൊന്നുമല്ല. രാഷ്ട്രീയമത്സരമാണ്. ഞങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ആശയങ്ങള്‍ക്ക് കേരളത്തില്‍ മുന്‍തൂക്കമുണ്ടെന്ന് ബോധ്യമുണ്ടെന്നും എസ് കെ സജീഷ്

തിരുവനന്തപുരം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലേക്ക് എല്‍ഡിഎഫ് ഇതുവരെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാത്തതില്‍ പരിഹാസവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. 'പ്രമുഖ പാര്‍ട്ടിക്ക് സിറ്റിംഗ് സീറ്റിലേക്ക് സ്ഥാനാര്‍ത്ഥിയെ അന്വേഷിക്കുന്നു, ചിഹ്നം പ്രശ്‌നമല്ല' എന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ഒഎല്‍എക്‌സിന്റെ ലോഗോയും പോസ്റ്റിനൊപ്പം രാഹുല്‍ പങ്കുവെച്ചിട്ടുണ്ട്.

സംഭവത്തില്‍ പ്രതികരണവുമായി ഡിവൈഎഫ് ഐ സംസ്ഥാന കമ്മിറ്റി അംഗം എസ് കെ സജീഷും രംഗത്തെത്തി. രാഹുല്‍ മാങ്കൂട്ടത്തില്‍ അല്‍പ്പനാണെന്നും അദ്ദേഹത്തിന്റെ പോസ്റ്റുകളിലൂടെ വ്യക്തമാകുന്നത് രാഷ്ട്രീയ പക്വതക്കുറവാണെന്നും എസ് കെ സജീഷ് പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയുടെ 'ഡിബേറ്റ് വിത്ത് അരുണ്‍ കുമാര്‍' പരിപാടിക്കിടെയായിരുന്നു എസ്‌കെ സജീഷിന്റെ പ്രതികരണം.

'അത്തരം പോസ്റ്റുകളിലൂടെ വ്യക്തമാകുന്നത് അദ്ദേഹത്തിന്റെ രാഷ്ട്രീയപക്വതക്കുറവാണ്. രാഷ്ട്രീയം പരസ്പരം ട്രോളലും തമാശയായി അവതരിപ്പിക്കലും അതിലൂടെ പബ്ലിസിറ്റി നേടലുമാണ് എന്നൊക്കെ കരുതുന്ന അല്‍പ്പത്തരത്തിന്റെ പ്രതീകമായി അദ്ദേഹം മാറുകയാണ്. സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ വൈകുന്ന സാഹചര്യം എല്‍ഡിഎഫിൽ ഇല്ല. സിപിഐഎമ്മും ഇടതുപക്ഷ ജനാധിപത്യ മുന്നണിയും സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്ന രീതിയും ഓരോ ഘട്ടങ്ങളുമുണ്ട്. അതെല്ലാം പൂര്‍ത്തിയാക്കി ഞങ്ങള്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കും. തിരഞ്ഞെടുപ്പില്‍ ഏറ്റവും പ്രധാനം സംഘടന സജ്ജമാവുക എന്നതാണ്. ഞങ്ങള്‍ തിരഞ്ഞെടുപ്പിന് സജ്ജമാണ്. സ്ഥാനാര്‍ത്ഥിയെ ആദ്യം പ്രഖ്യാപിക്കാന്‍ ഇത് ഓട്ടമത്സരമൊന്നുമല്ല. രാഷ്ട്രീയമത്സരമാണ്. ഞങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ആശയങ്ങള്‍ക്ക് കേരളത്തില്‍ മുന്‍തൂക്കമുണ്ടെന്ന് ഞങ്ങള്‍ക്ക് ബോധ്യമുണ്ട്'-എസ് കെ സജീഷ് പറഞ്ഞു.

ഇന്നലെയാണ് കോൺഗ്രസ് നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. ആര്യാടൻ ഷൗക്കത്താണ് യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്. ഇത് സംബന്ധിച്ച പ്രഖ്യാപനം എഐസിസി പുറത്തിറക്കിയിരുന്നു. ദീർഘകാലം നിലമ്പൂർ മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിച്ച അന്തരിച്ച കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദിൻ്റെ മകനാണ് ആര്യാടൻ ഷൗക്കത്ത്. 2016-ൽ നിലമ്പൂരിൽ പി വി അൻവറിനോട് ആര്യാടൻ ഷൗക്കത്ത് പരാജയപ്പെട്ടിരുന്നു. നിലവില്‍ കെപിസിസി ജനറല്‍ സെക്രട്ടറിയാണ് ആര്യാടൻ ഷൗക്കത്ത്.

Content Highlights: Rahul mamkoottathil trolls cpim for not announcing candidate in nilambur byelection

To advertise here,contact us