അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ മര്‍ദിച്ചവര്‍ക്കെതിരെ കേസ്

കഴിഞ്ഞ ഞായറാഴ്ച്ചയാണ് വാഹനത്തിന് മുന്നിലേക്ക് ചാടിയെന്ന് ആരോപിച്ച് യുവാവിനെ പിക്കപ്പ് വാനിലെത്തിയ സംഘം മര്‍ദിച്ചത്

പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ കെട്ടിയിട്ട് മര്‍ദിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. അഗളി പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. വാഹനത്തിന്റെ ഡ്രൈവര്‍, ക്ലീനര്‍ എന്നിവര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. എസ് സി, എസ് ടി വിഭാഗത്തിനെതിരായ അതിക്രമം തടയല്‍ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. അഗളി, ചിറ്റൂര്‍ ആദിവാസി ഉന്നതിയിലെ ഷിബുവിനാണ് മര്‍ദനമേറ്റത്.

ഷിബുവിനെ വിവസ്ത്രനാക്കി ഒരുമണിക്കൂറോളം പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദിച്ചുവെന്നാണ് പരാതി. കഴിഞ്ഞ ഞായറാഴ്ച്ചയാണ് വാഹനത്തിന് മുന്നിലേക്ക് ചാടിയെന്ന് ആരോപിച്ച് യുവാവിനെ പിക്കപ്പ് വാനിലെത്തിയ സംഘം മര്‍ദിച്ചത്. പരിക്കേറ്റ ഷിബു ചികിത്സയിലാണ്. മെയ് 24-നായിരുന്നു സംഭവം. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ഷിബു മദ്യപിച്ചിരുന്നുവെന്നും പ്രകോപനമില്ലാതെ തങ്ങളെ ആക്രമിക്കുകയായിരുന്നു എന്നുമാണ് പിക്കപ്പ് വാഹനത്തിന്റെ ഡ്രൈവർ ആരോപിക്കുന്നത്. യുവാവ് കല്ലെറിഞ്ഞ് വാഹനത്തിന്റെ ചില്ല് തകര്‍ത്തെന്നും ഡ്രൈവറും ക്ലീനറും ആരോപിച്ചു. ഇവരുടെ പരാതിയില്‍ ഷിബുവിനെതിരെ കേസെടുത്തിരുന്നു. യുവാവ് മദ്യപിച്ച് വാഹനത്തിലെ യാത്രക്കാരോട് തര്‍ക്കിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

Content Highlights: Police register case against people who beat up tribal youth in Attappadi

To advertise here,contact us