കൊച്ചി: ഐ ബി ഉദ്യോഗസ്ഥയുടെ മരണത്തിൽ സഹപ്രവർത്തകൻ സുകാന്ത് റിമാൻഡിൽ. പ്രതി സുകാന്ത് വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി ഉപയോഗിച്ചെന്ന് പൊലീസ് കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. യുവതിയിൽ നിന്നും സുകാന്ത് പല തവണ പണം കൈപ്പറ്റിയിരുന്നു. സുകാന്ത് വിവാഹത്തിൽ നിന്ന് പിന്മാറിയതാണ് ആത്മഹത്യയ്ക്ക് കാരണമെന്നും റിപ്പോർട്ടിൽ പറയുന്നു. ടെലഗ്രാം ചാറ്റിലെ വിവരങ്ങളും റിമാൻഡ് റിപ്പോർട്ടിലുണ്ട്. 'നീ പോയി ചാവെടി' എന്ന സുകാന്തിന്റെ സന്ദേശത്തിന് 'ചാവും'എന്നാണ് ഉദ്യോഗസ്ഥ നൽകിയ മറുപടി.
ഉദ്യോഗസ്ഥയുടെ ആറു മാസത്ത ശമ്പളം പ്രതിയുടെ അക്കൗണ്ടിൽ എത്തിയതിനും തെളിവുണ്ട്. പ്രതി മറ്റൊരു യുവതിയേയും വിവാഹ വാഗ്ദാനം നൽകി ചൂഷണം ചെയ്തു. ട്രെയിനിങ് സമയത്ത് മറ്റൊരു യുവതിയെയും ലൈംഗികമായി ഉപയോഗിച്ചു. ഉദ്യോഗസ്ഥ സുകാന്തിൽ നിന്നുതന്നെയാണ് ഗർഭിണിയായത്. ഇതുസംബന്ധിച്ച് ഡോക്ടറുടെ മൊഴിയും റിമാൻഡ് റിപ്പോർട്ടിലുണ്ട്. അമ്മാവൻ മോഹനാണ് പ്രതിയെ ഒളിവിൽ പോകാൻ സഹായിച്ചത്. ഒളിവിൽ പോകാൻ വാഹനം ഏർപ്പെടുത്തിയതിനും ഫാം ഹൗസിൽ ഒളിവിൽ താമസിപ്പിച്ചതിനുമാണ് അമ്മാവനെ രണ്ടാം പ്രതിയാക്കിയത്.
മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതോടെയാണ് ആഴ്ചകളോളം ഒളിവിലായിരുന്ന സുകാന്ത് എറണാകുളം സെൻട്രൽ സ്റ്റേഷനിൽ കീഴടങ്ങിയത്. പ്രതിയായതോടെ ഇയാളെ ഐബിയിൽ നിന്ന് പുറത്താക്കിയിരുന്നു.
കഴിഞ്ഞ മാർച്ച് 24-നാണ് പേട്ട റെയിൽവേ സ്റ്റേഷന് സമീപം ഐബി ഉദ്യോഗസ്ഥയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതിന് പിന്നാലെ ഐബി ഉദ്യോഗസ്ഥ ട്രാക്കിന് കുറുകേ കിടന്നതാണെന്ന് വ്യക്തമാക്കി ലോക്കോ പൈലറ്റ് രംഗത്തെത്തിയിരുന്നു. പെട്ടെന്നുള്ള പ്രകോപനമാണ് ആത്മഹത്യയ്ക്ക് കാരണമായതെന്നും മാനസികവും ശാരീരികവുമായി പ്രതി പെൺകുട്ടിയെ പീഡിപ്പിച്ചതിൻ്റെ തെളിവുകൾ സുകാന്തിനെതിരെ പൊലീസ് കണ്ടെത്തിയിരുന്നു.
Content Highlights: ib officer's death case accused sukanth suresh's statement