മലപ്പുറം: പിതാവ് ആര്യാടൻ മുഹമ്മദിൻ്റെ ഖബറിടത്തിൽ പൊട്ടിക്കരഞ്ഞ് നിലമ്പൂർ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത്. തിരഞ്ഞെടുപ്പ് പ്രചരണം തുടങ്ങുന്നതിന് മുൻപായി പ്രാർത്ഥിക്കാനെത്തിയപ്പോഴാണ് ഷൗക്കത്ത് വികാരാധീനനായത്. നിലമ്പൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കപ്പെട്ടതിന് പിന്നാലെയാണ് ആര്യാടൻ ഷൗക്കത്ത് പിതാവ് ആര്യാടൻ മുഹമ്മദിൻ്റെ ഖബറിടത്തിൽ എത്തിയത്. ഡിസിസി പ്രസിഡൻ്റ് വി എസ് ജോയ് അടക്കമുള്ള കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ആര്യാടൻ ഷൗക്കത്തിനൊപ്പം ഉണ്ടായിരുന്നു.
പിതാവാണ് തന്റെ ശക്തിയും ദൗർബല്യവുമെന്ന് ആര്യാടൻ ഷൗക്കത്ത് പ്രാർത്ഥനയ്ക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. തന്റെ പിതാവിന്റെയും വി വി പ്രകാശിന്റെയും അഭിലാഷങ്ങൾ പൂർത്തീകരിക്കുക എന്നതാണ് തന്റെ ലക്ഷ്യം. നഷ്ടപ്പെട്ട നിലമ്പൂരിനെ തിരിച്ചുപിടിക്കുക എന്നത് മാത്രമാണ് ഇനി മുൻപിലുള്ളത്. പിതാവിനോട് ഞങ്ങൾ ഇറങ്ങുകയാണ് എന്ന് പറഞ്ഞുകൊണ്ട് തുടങ്ങണം എന്നതുകൊണ്ടാണ് ഇവിടെ എത്തിയയതെന്നും ആര്യാടൻ ഷൗക്കത്ത് പറഞ്ഞു.
നിലമ്പൂരിലെ യുഡിഎഫ് ഒറ്റകെട്ടായി നിന്നുകൊണ്ട് തിരഞ്ഞെടുപ്പിനെ നേരിടുമെന്നും ഷൗക്കത്ത് പറഞ്ഞു. താൻ ആണെങ്കിലും വി എസ് ജോയ് ആണെങ്കിലും മത്സരിക്കാൻ യോഗ്യതയുള്ളവരാണ്. പക്ഷെ ഒരാൾക്കേ മത്സരിക്കാൻ കഴിയുകയുള്ളൂ. യോഗ്യതയുള്ളത് കൊണ്ടല്ല തന്നെ തിരഞ്ഞെടുത്തത്. പക്ഷെ ചില ഘടകങ്ങൾ കണ്ടുകൊണ്ടാണ് പാർട്ടിയുടെ തീരുമാനം ഉണ്ടാകുക. ആ തീരുമാനം ഏറ്റെടുക്കാൻ താൻ ബാധ്യസ്ഥനാണെന്നും ആര്യാടൻ ഷൗക്കത്ത് പറഞ്ഞു.
അല്പസമയത്തിനകം ഷൗക്കത്ത് പാണക്കാടെത്തും. മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയുമായും കൂടിക്കാഴ്ച നടത്തും. ഇതിന് പിന്നാലെ മണ്ഡലത്തിലെ പ്രധാനപ്പെട്ട നേതാക്കളെയും പ്രവർത്തകരെയും ആര്യാടൻ ഷൗക്കത്ത് സന്ദർശിക്കും. വൈകിട്ട് മൂന്നുമണിക്ക് യുഡിഎഫ് നേതൃയോഗവും നിലമ്പൂരിൽ ചേരുന്നുണ്ട്. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, പി കെ കുഞ്ഞാലിക്കുട്ടി ഉൾപ്പെടെ യോഗത്തിൽ പങ്കെടുക്കും.
ആര്യാടൻ ഷൗക്കത്തിനെ നിലമ്പൂരിൽ സ്ഥാനാർത്ഥിയാക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് നേരത്തെ തീരുമാനിച്ചിരുന്നു. ഇത് സംബന്ധിച്ച പ്രഖ്യാപനം എഐസിസി പുറത്തിറക്കിയിരുന്നു. ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർത്ഥിയാക്കണമെന്ന നിർദ്ദേശം കെപിസിസി കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയെ അറിയിച്ചതിന് പിന്നാലെയാണ് പ്രഖ്യാപനം ഉണ്ടായത്. നേരത്തെ ആര്യാടൻ ഷൗക്കത്തിൻ്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ പി വി അൻവർ രംഗത്ത് വന്നിരുന്നെങ്കിലും അതൊന്നും പരിഗണിക്കാതെയാണ് കെപിസിസി നേതൃത്വത്തിൻ്റെ തീരുമാനത്തിന് ഹൈക്കമാൻഡ് പച്ചക്കൊടി കാണിച്ചത്. ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർത്ഥിയാക്കുന്നതിനെതിരെ പരസ്യ നിലപാടുമായി അൻവർ രംഗത്ത് വന്നതോടെയാണ് ഇന്ന് രാവിലെ ഉണ്ടാകുമെന്ന് കരുതിയിരുന്ന പ്രഖ്യാപനം നീണ്ടത്. മലപ്പുറം ഡിസിസി പ്രസിഡൻ്റ് വി എസ് ജോയ്യെ സ്ഥാനാർത്ഥിയാക്കണമെന്നായിരുന്നു അൻവർ തുടക്കം മുതൽ ആവശ്യപ്പെട്ടിരുന്നത്. അൻവറിൻ്റെ എതിർപ്പിന് പിന്നാലെ കെപിസിസി അധ്യക്ഷനും വി ഡി സതീശനും കൂടിയാലോചനകൾ നടത്തിയതിന് ശേഷമാണ് അൻവറിന് വഴങ്ങേണ്ടെന്ന് തീരുമാനിച്ചത്. ഇതിന് പിന്നാലെയാണ് ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർത്ഥിയാക്കാനുള്ള നിർദ്ദേശം കെപിസിസി നേതൃത്വം ഹൈക്കമാൻഡിന് സമർപ്പിച്ചത്.
പി വി അൻവർ രാജിവെച്ചതോടെ ഒഴിവ് വന്ന നിലമ്പൂർ നിയമസഭാ മണ്ഡലത്തിൽ ജൂൺ 19ന് നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പ് നടത്തുമെന്ന് കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിരുന്നു. ജൂൺ 23 നാണ് വോട്ടെണ്ണൽ. പി വി അൻവർ രാജി വെച്ചതിനെ തുടർന്ന് വന്ന ഒഴിവിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. നിലമ്പൂർ ഉൾപ്പെടെ രാജ്യത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും ജൂൺ 19ന് ഉപതിരഞ്ഞെടുപ്പ് നടക്കും. ഗസറ്റ് വിജ്ഞാപനം ഈ മാസം 26ന് ഉണ്ടാകും. ജൂൺ രണ്ടിനാണ് നോമിനേഷൻ സമർപ്പിക്കേണ്ട അവസാന തിയതി. നോമിനേഷൻ പിൻവലിക്കാനുള്ള അവസാന തീയതി ജൂൺ അഞ്ചാണ്.
Content Highlights: Aryadan Shoukath cries infront of Aryadan Muhammeds grave