ആര്യാടന്‍ ഷൗക്കത്ത് 20,000 വോട്ടുകളുടെ ഭൂരിപക്ഷം കടക്കും; യുഡിഎഫ് പൂര്‍ണ്ണ ആത്മവിശ്വാസത്തിൽ: പിഎംഎ സലാം

യുഡിഎഫ് പൂര്‍ണ്ണ ആത്മവിശ്വാസത്തിലാണെന്നും 20,000 വോട്ടുകളുടെ ഭൂരിപക്ഷം കടക്കുമെന്നും തനിക്ക് പൂര്‍ണ പ്രതീക്ഷയുണ്ടെന്നും പിഎംഎ സലാം പറഞ്ഞു

മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ച് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. യുഡിഎഫ് പൂര്‍ണ്ണ ആത്മവിശ്വാസത്തിലാണെന്നും 20,000 വോട്ടുകളുടെ ഭൂരിപക്ഷം കടക്കുമെന്നും തനിക്ക് പൂര്‍ണ പ്രതീക്ഷയുണ്ടെന്നും പിഎംഎ സലാം പറഞ്ഞു. അന്‍വറിന് പറയാനുള്ളത് അന്‍വര്‍ പറഞ്ഞു.യുഡിഎഫിന് പറയാനുള്ളത് യുഡിഎഫ് പറഞ്ഞു. ലീഗ് മധ്യസ്ഥ ചര്‍ച്ച നടത്തിയിട്ടില്ലെന്നും യുഡിഎഫ് സ്ഥാനാര്‍ഥിയുടെ വിജയം മാത്രമാണ് ലക്ഷ്യമെന്നും പിഎംഎ സലാം വ്യക്തമാക്കി.

പി വി അന്‍വര്‍ മത്സരിക്കുമോ എന്ന് കാത്തിരുന്ന് കാണാം. എല്ലാ കാര്യങ്ങളെയും പോസിറ്റീവ് ആയി കാണുന്നു. പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കാന്‍ മുസ്ലിം ലീഗ് എല്ലാ കാലത്തും ശ്രമിച്ചിട്ടുണ്ടെന്നും പിഎംഎ സലാം വ്യക്തമാക്കി.

അതേസമയം അന്‍വര്‍ യുഡിഎഫിന്‌റെ കൂടെയുണ്ടെന്ന് ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് ട്രഷററും, രാജ്യസഭാംഗവുമായ പിവി അബ്ദുള്‍ വഹാബ് പ്രതികരിച്ചു. അന്‍വര്‍ വേറെ എവിടെ പോകാനാണെന്നും അന്‍വറിന്റെ മുന്നണി പ്രവേശനത്തെ പറ്റി കൂടുതല്‍ വിവരങ്ങള്‍ അറിയില്ലെന്നും പിവി അബ്ദുള്‍ വഹാബ് കൂട്ടിച്ചേർത്തു.

ആര്യാടന്‍ ഷൗക്കത്തിനെ നിലമ്പൂരില്‍ സ്ഥാനാര്‍ത്ഥിയാക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നേരത്തെ തീരുമാനിച്ചിരുന്നു. ഇത് സംബന്ധിച്ച പ്രഖ്യാപനം എഐസിസി പുറത്തിറക്കിയിരുന്നു. ആര്യാടന്‍ ഷൗക്കത്തിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന നിര്‍ദ്ദേശം കെപിസിസി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയെ അറിയിച്ചതിന് പിന്നാലെയാണ് പ്രഖ്യാപനം ഉണ്ടായത്. നേരത്തെ ആര്യാടന്‍ ഷൗക്കത്തിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ പി വി അന്‍വര്‍ രംഗത്ത് വന്നിരുന്നെങ്കിലും അതൊന്നും പരിഗണിക്കാതെയാണ് കെപിസിസി നേതൃത്വത്തിന്റെ തീരുമാനത്തിന് ഹൈക്കമാന്‍ഡ് പച്ചക്കൊടി കാണിച്ചത്.

ആര്യാടന്‍ ഷൗക്കത്തിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെതിരെ പരസ്യ നിലപാടുമായി അന്‍വര്‍ രംഗത്ത് വന്നതോടെയാണ് ഇന്ന് രാവിലെ ഉണ്ടാകുമെന്ന് കരുതിയിരുന്ന പ്രഖ്യാപനം നീണ്ടത്. മലപ്പുറം ഡിസിസി പ്രസിഡന്റ് വി എസ് ജോയ്യെ സ്ഥാനാര്‍ത്ഥിയാക്കണമെന്നായിരുന്നു അന്‍വര്‍ തുടക്കം മുതല്‍ ആവശ്യപ്പെട്ടിരുന്നത്. അന്‍വറിന്റെ എതിര്‍പ്പിന് പിന്നാലെ കെപിസിസി അധ്യക്ഷനും വി ഡി സതീശനും കൂടിയാലോചനകള്‍ നടത്തിയതിന് ശേഷമാണ് അന്‍വറിന് വഴങ്ങേണ്ടെന്ന് തീരുമാനിച്ചത്. ഇതിന് പിന്നാലെയാണ് ആര്യാടന്‍ ഷൗക്കത്തിനെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള നിര്‍ദ്ദേശം കെപിസിസി നേതൃത്വം ഹൈക്കമാന്‍ഡിന് സമര്‍പ്പിച്ചത്.

ജൂണ്‍ 19നാണ് നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പ്. ജൂണ്‍ 23 ന് വോട്ടെണ്ണും. പി വി അന്‍വര്‍ രാജി വെച്ചതിനെ തുടര്‍ന്ന് വന്ന ഒഴിവിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. നിലമ്പൂര്‍ ഉള്‍പ്പെടെ രാജ്യത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും ജൂണ്‍ 19ന് ഉപതിരഞ്ഞെടുപ്പ് നടക്കും. ഗസറ്റ് വിജ്ഞാപനം ഈ മാസം 26ന് ഉണ്ടാകും. ജൂണ്‍ രണ്ടിനാണ് നോമിനേഷന്‍ സമര്‍പ്പിക്കേണ്ട അവസാന തിയതി. നോമിനേഷന്‍ പിന്‍വലിക്കാനുള്ള അവസാന തീയതി ജൂണ്‍ അഞ്ചാണ്.

content highlights: Aryadan Shoukat will cross the majority by 20,000 votes; PMA Salam

To advertise here,contact us