അൻവറിനെതിരായ അതൃപ്തി പരസ്യമാക്കി കോൺഗ്രസ്; പ്രസ്താവന ലളിതമായി കാണുന്നില്ലെന്ന് എ പി അനിൽകുമാർ

സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ അൻവർ നടത്തിയ പ്രസ്താവന നിരുത്തരവാദപരമാണെന്നും അൻവറിന്റെ പ്രസ്താവന ആശയക്കുഴപ്പം ഉണ്ടാക്കിയെന്നും എ പി അനിൽകുമാർ കുറ്റപ്പെടുത്തി

മലപ്പുറം: പി വി അൻവറിനെതിരെ ആഞ്ഞടിച്ച്‌ കെപിസിസി വർക്കിങ് പ്രസിഡൻ്റ് എ പി അനിൽകുമാർ. അൻവറിനോടുള്ള കോൺ​ഗ്രസിൻ്റെ അതൃപ്തി പരസ്യമാക്കുന്നതായിരുന്നു എ പി അനിൽകുമാറിൻ്റെ പ്രതികരണം. യുഡിഎഫ് സ്ഥാനാ‍ർത്ഥിക്കെതിരായ അൻവറിൻ്റെ പ്രസ്താവന ലളിതമായി കാണുന്നില്ലെന്ന് എ പി അനിൽകുമാർ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ അൻവർ നടത്തിയ പ്രസ്താവന ഒഴിവാക്കേണ്ടതായിരുന്നു. അൻവറിൻ്റെ പ്രസ്താവന തെറ്റായി പോയെന്നും അനിൽകുമാർ റിപ്പോർട്ടറിനോട് വ്യക്തമാക്കി. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ അൻവർ നടത്തിയ പ്രസ്താവന നിരുത്തരവാദപരമാണെന്നും അൻവറിന്റെ പ്രസ്താവന ആശയക്കുഴപ്പം ഉണ്ടാക്കിയെന്നും എ പി അനിൽകുമാർ കുറ്റപ്പെടുത്തി. പരസ്യ പ്രതികരണം നടത്താതെ യുഡിഎഫ് നേതൃത്വത്തെ വിഷയം അറിയിക്കാമായിരുന്നുവെന്നും കെപിസിസി വ‍ർക്കിങ് പ്രസിഡൻ്റ് വ്യക്തമാക്കി.

അൻവറിനെ ഒപ്പം നിർത്താമെന്ന് നേരത്ത തന്നെ യുഡിഎഫ് നേതൃത്വം അറിയിച്ചതാണെന്നും അനിൽകുമാർ പറഞ്ഞു. യുഡിഎഫ് പിന്തുണ വേണമെന്ന് പറയുന്ന ആളാണ് പി വി അൻവർ. എന്നിട്ടും അൻവർ എന്താണ് ആഗ്രഹിക്കുന്നത് എന്ന് അറിയില്ല. ഘടക കക്ഷി ആയിട്ടും, അല്ലാതെയും കൂടെ നിർത്താമല്ലോ എന്നും എ പി അനിൽകുമാർ പറഞ്ഞു. കൂടെ നിൽക്കുന്നവർ സിപിഐഎമ്മിന്റെ റോൾ എടുക്കരുതെന്നും എ പി അനിൽകുമാർ കൂട്ടിച്ചേ‍ർത്തു. കേരളത്തിലെ കോൺഗ്രസ് പ്രവർത്തകർക്ക് മാതൃകയാകാൻ കഴിയുന്ന നിലപാടാണ് വി എസ് ജോയ് സ്വീകരിച്ചതെന്നും അനിൽകുമാർ പ്രശംസിച്ചു.

യുഡിഎഫ് നേതാക്കൾ എല്ലാവരും ഇന്ന് നിലമ്പൂരിലുണ്ടെന്നും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ചർച്ച ചെയ്യുമെന്നും അനിൽകുമാർ വ്യക്തമാക്കി. നിലമ്പൂരിൽ കഴിഞ്ഞ രണ്ടു തവണ എൽഡിഎഫ് വിജയിച്ചതും സാങ്കേതിക വിജയമാണ്. രണ്ട് തിരഞ്ഞെടുപ്പിൽ നിലമ്പൂരിൽ യുഡിഎഫിന് ഉണ്ടായ തിരിച്ചടിക്കുള്ള മറുപടി ഇത്തവണ കൊടുക്കും. യുഡിഎഫ് നിലമ്പൂരിൽ എന്താണെന്ന് ഈ തിരഞ്ഞെടുപ്പിൽ മനസിലാകുമെന്നും എ പി അനിൽകുമാർ കൂട്ടിച്ചേർത്തു.

ആര്യാടൻ ഷൗക്കത്തിനെ നിലമ്പൂരിൽ സ്ഥാനാർത്ഥിയാക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് നേരത്തെ തീരുമാനിച്ചിരുന്നു. ഇത് സംബന്ധിച്ച പ്രഖ്യാപനം എഐസിസി പുറത്തിറക്കിയിരുന്നു. ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർത്ഥിയാക്കണമെന്ന നിർദ്ദേശം കെപിസിസി കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയെ അറിയിച്ചതിന് പിന്നാലെയാണ് പ്രഖ്യാപനം ഉണ്ടായത്. നേരത്തെ ആര്യാടൻ ഷൗക്കത്തിൻ്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ പി വി അൻവർ രംഗത്ത് വന്നിരുന്നെങ്കിലും അതൊന്നും പരിഗണിക്കാതെയാണ് കെപിസിസി നേതൃത്വത്തിൻ്റെ തീരുമാനത്തിന് ഹൈക്കമാൻഡ് പച്ചക്കൊടി കാണിച്ചത്. ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർത്ഥിയാക്കുന്നതിനെതിരെ പരസ്യ നിലപാടുമായി അൻവർ രംഗത്ത് വന്നതോടെയാണ് ഇന്ന് രാവിലെ ഉണ്ടാകുമെന്ന് കരുതിയിരുന്ന പ്രഖ്യാപനം നീണ്ടത്. മലപ്പുറം ഡിസിസി പ്രസിഡൻ്റ് വി എസ് ജോയ്‌യെ സ്ഥാനാർത്ഥിയാക്കണമെന്നായിരുന്നു അൻവർ തുടക്കം മുതൽ ആവശ്യപ്പെട്ടിരുന്നത്. അൻവറിൻ്റെ എതിർപ്പിന് പിന്നാലെ കെപിസിസി അധ്യക്ഷനും വി ഡി സതീശനും കൂടിയാലോചനകൾ നടത്തിയതിന് ശേഷമാണ് അൻവറിന് വഴങ്ങേണ്ടെന്ന് തീരുമാനിച്ചത്. ഇതിന് പിന്നാലെയാണ് ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർത്ഥിയാക്കാനുള്ള നിർദ്ദേശം കെപിസിസി നേതൃത്വം ഹൈക്കമാൻഡിന് സമർപ്പിച്ചത്.

പി വി അൻവർ രാജിവെച്ചതോടെ ഒഴിവ് വന്ന നിലമ്പൂർ നിയമസഭാ മണ്ഡലത്തിൽ ജൂൺ 19ന് ഉപതിരഞ്ഞെടുപ്പ് നടക്കും. ജൂൺ 23 നാണ് വോട്ടെണ്ണൽ. നിലമ്പൂർ ഉൾപ്പെടെ രാജ്യത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും ജൂൺ 19ന് ഉപതിരഞ്ഞെടുപ്പ് നടക്കും. ഗസറ്റ് വിജ്ഞാപനം ഈ മാസം 26ന് ഉണ്ടാകും. ജൂൺ രണ്ടിനാണ് നോമിനേഷൻ സമർപ്പിക്കേണ്ട അവസാന തീയതി. നോമിനേഷൻ പിൻവലിക്കാനുള്ള അവസാന തീയതി ജൂൺ അഞ്ചാണ്.

Content Highlights: A P Anil Kumar says P V Anwar's statement is not being taken lightly

To advertise here,contact us