നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ ഇന്നറിയാം; ഒന്നിലേറെ പേര് ചര്‍ച്ചയിലുണ്ടെന്ന് സണ്ണി ജോസഫ്

യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥിയെ നോക്കി സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കാനുള്ള കള്ളക്കളിയാണ് സിപിഐഎം നടത്തുന്നതെന്ന് അടൂര്‍ പ്രകാശ്

നിലമ്പൂര്‍: ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ ഇന്ന് പ്രഖ്യാപിക്കുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച ചര്‍ച്ച അവസാന ഘട്ടത്തിലാണന്നും സണ്ണി ജോസഫ് പറഞ്ഞു. എഐസിസിക്ക് ഇന്ന് തന്നെ പേര് നല്‍കി നിര്‍ദേശം നല്‍കുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.

'ഒന്നിലേറെ പേര് ചര്‍ച്ചയിലുണ്ട്. പി വി അന്‍വര്‍ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനെ സഹായിക്കും. അന്‍വറിന്റെ സ്വാധീനം തിരഞ്ഞെടുപ്പ് ഫലത്തില്‍ ഉണ്ടാകും. കോണ്‍ഗ്രസ് തികഞ്ഞ ആത്മവിശ്വാസത്തിലാണ്. എല്ലാ വിഭാഗത്തിന്റെയും പിന്തുണയുണ്ടാകും', സണ്ണി ജോസഫ് പറഞ്ഞു.

ഇന്ന് വൈകുന്നേരത്തോടെ പ്രഖ്യാപനമുണ്ടാകുമെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശും വ്യക്തമാക്കി. യുഡിഎഫ് തികഞ്ഞ ആത്മവിശ്വാസത്തിലാണെന്നും നല്ല ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. 'നിലമ്പൂര്‍ തിരിച്ചു പിടിക്കും. യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥിയെ നോക്കി സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കാനുള്ള കള്ളക്കളിയാണ് സിപിഐഎം നടത്തുന്നത്. സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കാന്‍ സിപിഐഎമ്മിന് ഭയപ്പാടാണ്. അതാണ് യുഡിഎഫ് പ്രഖ്യാപിക്കാന്‍ കാത്ത് നില്‍ക്കുന്നത്', അടൂര്‍ പ്രകാശ് പറഞ്ഞു.

അതേസമയം ജൂണ്‍ 19നാണ് നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ജൂണ്‍ 23 നാണ് വോട്ടെണ്ണല്‍. പി വി അന്‍വര്‍ രാജി വെച്ചതിനെ തുടര്‍ന്ന് വന്ന ഒഴിവിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. നിലമ്പൂര്‍ ഉള്‍പ്പെടെ രാജ്യത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും ജൂണ്‍ 19ന് ഉപതിരഞ്ഞെടുപ്പ് നടക്കും. ഗസറ്റ് വിജ്ഞാപനം ഈ മാസം 26ന് ഉണ്ടാകും. ജൂണ്‍ രണ്ടിനാണ് നോമിനേഷന്‍ സമര്‍പ്പിക്കേണ്ട അവസാന തിയതി. നോമിനേഷന്‍ പിന്‍വലിക്കാനുള്ള അവസാന തീയതി ജൂണ്‍ അഞ്ചാണ്.

Content Highlights: UDF will announce Nilambur By Election candidate today

To advertise here,contact us