കൊച്ചി: നിലമ്പൂരിൽ സ്ഥാനാർത്ഥിയെ നിർത്തേണ്ടെന്ന ബിജെപി തീരുമാനം സിപിഐഎമ്മിനെ സഹായിക്കാനെന്ന് പി വി അൻവർ. സിപിഐഎം-ബിജെപി കൂട്ടുകെട്ട് നിലമ്പൂരിൽ പുറത്തുവരുമെന്നും അദ്ദേഹം ആരോപിച്ചു. യുഡിഎഫ് സ്ഥാനാർത്ഥിയുടെ മതം പരിശോധിക്കുകയാണ് സിപിഐഎം. കമ്മ്യൂണിസ്റ്റ് പാർട്ടി രാഷ്ട്രീയാധിഷ്ഠിതമായി തെരഞ്ഞെടുപ്പിനെ നേരിട്ട കാലം കടന്നുപോയി. ജാതി സമവാക്യങ്ങൾ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് എങ്ങനെ ജയിക്കാമെന്നാണ് ആലോചന. 2031-ലെ തെരഞ്ഞെടുപ്പിൽ സിപിഎമ്മിനെയും അടിച്ചിട്ട് ബിജെപി അധികാരത്തിലെത്താനാണ് ശ്രമിക്കുന്നത്. രാജീവ് ചന്ദ്രശേഖറിനെ കൊണ്ടുവന്നത്പിണറായിയെ മറികടക്കാനുളള ബിജെപിയുടെ ശ്രമത്തിന്റ ഭാഗമാണ്. സ്ഥാനാര്ത്ഥിത്വത്തില് യുഡിഎഫ് ഒന്നുകൂടി ആലോചിക്കണം. വി എസ് ജോയിയെ നിർദേശിച്ചത് കുടിയേറ്റ കർഷകരെ പ്രതിനിധാനം ചെയ്യുന്ന വ്യക്തി എന്ന നിലയ്ക്കാണ്. കുടിയേറ്റ മലയോര കർഷകരുടെ പ്രശ്നങ്ങൾ ഉന്നയിക്കാൻ ജോയിക്ക് സാധിക്കും. വിഎസ് ജോയിയോട് പ്രത്യേക മമത ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിജെപിയുടെ വോട്ട് സിപിഐഎമ്മിലേക്ക് പോകുമ്പോൾ മത്സരം കടുക്കും. ജാതി മത സമവാക്യം മാത്രം വീക്ഷിച്ചാണ് സിപിഐഎം സ്ഥാനാർത്ഥിയെ നിശ്ചയിക്കുന്നത്. യുഡിഎഫ് ഒന്നുകൂടി ഗൃഹപാഠം ചെയ്യണം. കോൺഗ്രസിനകത്തെ സമവാക്യത്തെക്കാളും പ്രാധാന്യം നൽകേണ്ടത് നിലമ്പൂർ മണ്ഡലത്തിലെ രാഷ്ട്രീയ സമവാക്യങ്ങൾക്കാണ്. ഒറ്റുകാരനാരാണ് യൂദാസ് ആരാണെന്നൊക്കെ പിന്നീടറിയാം. യൂദാസ് അല്ലെന്ന് ഏറ്റവുമധികം അറിയുന്നത് ഗോവിന്ദൻ മാഷിനാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് എഴുതിക്കൊടുക്കുന്നത് പറയേണ്ട ഗതികേടിലാണ് പാർട്ടി സംസ്ഥാന സെക്രട്ടറി. ഗോവിന്ദൻ മാഷിന് എല്ലാ വസ്തുതകളും അറിയാമെന്നും അൻവർ കൂട്ടിച്ചേർത്തു.
അതേസമയം, സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട ഒരു വിവരവും ലഭിച്ചിട്ടില്ലെന്ന് കോൺഗ്രസ് നേതാവ് ആര്യാടൻ ഷൗക്കത്ത് വ്യക്തമാക്കി. ഹൈക്കമാൻഡ് പ്രഖ്യാപിക്കുന്ന സ്ഥാനാർത്ഥിക്ക് വേണ്ടി പ്രവർത്തിക്കാൻ നിലമ്പൂർ സജ്ജമാണെന്ന് ആര്യാടൻ ഷൗക്കത്ത് റിപ്പോർട്ടറിനോട് പറഞ്ഞു. ഹൈക്കമാൻഡാണ് തീരുമാനം എടുക്കേണ്ടതെന്നും യുഡിഎഫിന് അനുകൂലമായ സാഹചര്യമാണ് നിലമ്പൂരിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജൂൺ 19-നാണ് നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ജൂൺ 23 നാണ് വോട്ടെണ്ണൽ. പി വി അൻവർ രാജി വെച്ചതിനെ തുടർന്ന് വന്ന ഒഴിവിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. നിലമ്പൂർ ഉൾപ്പെടെ രാജ്യത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും ജൂൺ 19ന് ഉപതിരഞ്ഞെടുപ്പ് നടക്കും. ഗസറ്റ് വിജ്ഞാപനം ഈ മാസം 26ന് ഉണ്ടാകും. ജൂൺ രണ്ടിനാണ് നോമിനേഷൻ സമർപ്പിക്കേണ്ട അവസാന തിയതി. നോമിനേഷൻ പിൻവലിക്കാനുള്ള അവസാന തീയതി ജൂൺ അഞ്ചാണ്.
Content Highlights: pv anwar says CPIM BJP alliance will emerge in Nilambur