നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്; പി വി അന്‍വറിന്റെ വാര്‍ത്താ സമ്മേളനം ഇന്ന് രാവിലെ ഒന്‍പത് മണിക്ക്

അതേ സമയം നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ആര്യാടന്‍ ഷൗക്കത്തിനെ തിങ്കളാഴ്ച പ്രഖ്യാപിക്കും.

മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുന്‍ എംഎല്‍എയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ പി വി അന്‍വറിന്റെ വാര്‍ത്താ സമ്മേളനം ഇന്ന് രാത്രി ഒന്‍പത് മണിക്ക്. പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളിലാണ് വാര്‍ത്താ സമ്മേളനമെന്നാണ് വിവരം.

അതേ സമയം നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ആര്യാടന്‍ ഷൗക്കത്തിനെ തിങ്കളാഴ്ച പ്രഖ്യാപിക്കും. കെപിസിസി ഹൈക്കമാന്‍ഡിന് പട്ടിക കൈമാറും. ഡിസിസി പ്രസിഡന്റ് വി എസ് ജോയിയെ പരിഗണിച്ചിരുന്നു. കെപിസിസി പ്രസിഡന്റ് മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം തേടിയിരുന്നു.

അതേ സമയം, ഒരാഴ്ച്ചയ്ക്കകം സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്നാണ് എല്‍ഡിഎഫ് അറിയിച്ചിട്ടുള്ളത്. എന്നാല്‍ നിലമ്പൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുണ്ടാകില്ലെന്നാണ് ലഭിക്കുന്ന സൂചന. സ്ഥാനാര്‍ത്ഥിയെ നിര്‍ത്തേണ്ടതില്ലെന്ന് ബിജെപി കോര്‍ കമ്മിറ്റിയില്‍ ഭൂരിപക്ഷ അഭിപ്രായം ഉയര്‍ന്നു. നിലമ്പൂരില്‍ പണവും അധ്വാനവും കളയേണ്ടതില്ലെന്നാണ് നേതാക്കളുടെ അഭിപ്രായം. മറ്റ് സ്ഥാനാര്‍ത്ഥികളെ നോക്കി ആവശ്യമാണെങ്കില്‍ മാത്രം പുനരാലോചന നടത്താനാണ് തീരുമാനം. ക്രിസ്ത്യന്‍ സമൂഹത്തെ തഴയുകയാണെങ്കില്‍ പുനരാലോചിക്കാനും സാധ്യതയേറെയാണ്.

ഇപ്പോഴത്തെ ഫോക്കസ് പഞ്ചായത്ത് തിരഞ്ഞെടുപ്പാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഇന്ന് പറഞ്ഞിരുന്നു. വരാന്‍ പോകുന്ന എംഎല്‍എയ്ക്ക് ആറ് മാസം മാത്രമല്ലേ കാലാവധിയുള്ളുവെന്നും സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമോയെന്ന് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ജൂണ്‍ 19-നാണ് നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ജൂണ്‍ 23 നാണ് വോട്ടെണ്ണല്‍. പി വി അന്‍വര്‍ രാജി വെച്ചതിനെ തുടര്‍ന്ന് വന്ന ഒഴിവിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. നിലമ്പൂര്‍ ഉള്‍പ്പെടെ രാജ്യത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും ജൂണ്‍ 19ന് ഉപതിരഞ്ഞെടുപ്പ് നടക്കും. ഗസറ്റ് വിജ്ഞാപനം ഈ മാസം 26ന് ഉണ്ടാകും. ജൂണ്‍ രണ്ടിനാണ് നോമിനേഷന്‍ സമര്‍പ്പിക്കേണ്ട അവസാന തിയതി. നോമിനേഷന്‍ പിന്‍വലിക്കാനുള്ള അവസാന തീയതി ജൂണ്‍ അഞ്ചാണ്.

Content Highlights: PV Anvar's press conference today

To advertise here,contact us