മുല്ലപ്പള്ളിയെ തോല്‍പ്പിച്ച ആര്യാടന്‍; അറിയാം നിലമ്പൂരിന്റെ തിരഞ്ഞെടുപ്പ് ചരിത്രം

1987 മുതല്‍ 1991, 1996, 2001, 2006, 2011 വരെ നടന്ന തിരഞ്ഞെടുപ്പുകളിലെല്ലാം ആര്യാടന്‍ മുഹമ്മദ് മണ്ഡലം കൈയ്യടക്കി.

നിലമ്പൂര്‍: വീണ്ടും ഒരു തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങിയിരിക്കുകയാണ് നിലമ്പൂര്‍. 1965 മുതല്‍ ഇങ്ങോട്ടെടുത്ത് നോക്കിയാല്‍ പല തരത്തിലുള്ള അട്ടിമറികള്‍ നിലമ്പൂരില്‍ കാണാന്‍ സാധിക്കും. 1965ല്‍ നിലമ്പൂര്‍ മണ്ഡലം രൂപവത്കൃതമായതിനുശേഷം നടന്ന തിരഞ്ഞെടുപ്പില്‍ സിപിഐഎമ്മിന്റെ കെ കുഞ്ഞാലിയാണ് ആദ്യം വിജയം കൊയ്തത്. അന്ന് കോണ്‍ഗ്രസിന്റെ ആര്യാടന്‍ മുഹമ്മദായിരുന്നു എതിരാളി. 7161 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കുഞ്ഞാലി മണ്ഡലത്തിലെ കന്നി എംഎല്‍എയായത്.

1967ലും ഭൂരിപക്ഷം വര്‍ധിപ്പിച്ച് കുഞ്ഞാലി വിജയം ആവര്‍ത്തിച്ചു. 9789 ആയിരുന്നു ഭൂരിപക്ഷം. ഇതിനിടയില്‍ 1969 ജൂലായ് 26ന് ചുള്ളിയോട് അങ്ങാടിയില്‍ നടന്ന വെടിവെപ്പില്‍ എംഎല്‍എയായിരുന്ന കുഞ്ഞാലിക്ക് വെടിയേല്‍ക്കുകയും ആര്യാടന്‍ മുഹമ്മദ് അറസ്റ്റിലാകുകയും ചെയ്തു. പിന്നാലെ 1970ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ എം പി ഗംഗാധരന്‍ വിജയിച്ചു.

സി പി അബൂബക്കറായിരുന്നു അന്ന് ഗംഗാധരനെതിരെ മത്സരിച്ചത്. മന്ത്രിസഭ രാജിവെച്ചതിനെത്തുടര്‍ന്ന് 1971-ല്‍ നടന്ന തിരഞ്ഞെടുപ്പിലും ഗംഗാധരന്‍ തന്നെ വിജയിച്ചു.

1977ല്‍ സിപിഐഎമ്മിന്റെ സെയ്ദാലിക്കുട്ടിയെ തോല്‍പ്പിച്ച് ആര്യാടന്‍ തന്റെ കന്നി വിജയം നേടി. 1980ല്‍ കോണ്‍ഗ്രസ് യുവിന്റെ സി ഹരിദാസ് 6423 വോട്ടുകള്‍ക്ക് കോണ്‍ഗ്രസ് ഐക്ക് വേണ്ടി മത്സരിച്ച ടി കെ ഹംസയെ തോല്‍പ്പിച്ചെങ്കിലും എല്‍ഡിഎഫ് മന്ത്രിസഭയില്‍ മന്ത്രിയായ ആര്യാടന്‍ മുഹമ്മദിന് മത്സരിക്കാനായി രാജിവെച്ചു.

ആ തിരഞ്ഞെടുപ്പില്‍ മുല്ലപ്പള്ളി രാമചന്ദ്രനെ തോല്‍പ്പിച്ച് 18,000 വോട്ടിന്റെ ഭൂരിപക്ഷത്തോടെ ആര്യാടന്‍ മുഹമ്മദ് വീണ്ടും ജയിച്ചു. പക്ഷേ 1982ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിമതനായി സിപിഐഎം പിന്തുണയോടെ അഡ്വ. ടി കെ ഹംസ അട്ടിമറി വിജയം നേടി. ആര്യാടന്‍ മുഹമ്മദ് എല്‍ഡിഎഫ് വിട്ട് യുഡിഎഫിനുവേണ്ടിയും ടി കെ ഹംസ യുഡിഎഫ് വിട്ട് എല്‍ഡിഎഫിനുവേണ്ടിയുമായിരുന്നു മത്സരിച്ചത്. 1566 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് ടി കെ ഹംസ വിജയിച്ചത്.

എന്നാല്‍ പിന്നീട് 1987 മുതല്‍ 1991, 1996, 2001, 2006, 2011 വരെ നടന്ന തിരഞ്ഞെടുപ്പുകളിലെല്ലാം ആര്യാടന്‍ മുഹമ്മദ് മണ്ഡലം കൈയ്യടക്കി. 2016ല്‍ സ്വതന്ത്രനായി മത്സരിച്ച പി വി അന്‍വറിലൂടെ എല്‍ഡിഎഫ് മണ്ഡലം തിരിച്ചുപിടിച്ചു. അന്ന് ആര്യാടന്‍ മുഹമ്മദിന്‍റെ മകനായ ആര്യാടന്‍ ഷൗക്കത്തായിരുന്നു എതിരാളി. 2021ല്‍ വി വി പ്രകാശിനെ പിന്നിലാക്കി അന്‍വര്‍ മണ്ഡലം നിലനിര്‍ത്തി.

ഈ വര്‍ഷം ജനുവരി 13ന് പി വി അന്‍വര്‍ എല്‍ഡിഎഫിനുള്ള പിന്തുണ പിന്‍വലിച്ച് എംഎല്‍എ സ്ഥാനം രാജിവെച്ചതും കഴിഞ്ഞ ദിവസം നിലമ്പൂര്‍ നിയമസഭാമണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് വരെ എത്തി നില്‍ക്കുന്നു നിലമ്പൂരിന്റെ മണ്ഡല ചരിത്രം. രണ്ടാം പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലെ ഉപതിരഞ്ഞെടുപ്പ് എല്‍ഡിഎഫിനെ സംബന്ധിച്ചും യുഡിഎഫിനെ സംബന്ധിച്ചും ഏറെ വെല്ലുവിളികള്‍ നിറഞ്ഞതാണ്. ചരിത്രം സൂചിപ്പിക്കുന്നത് പോലെ അട്ടിമറി വിജയമാണോ, മണ്ഡലം നിലനിര്‍ത്തലാണോ നിലമ്പൂരില്‍ സംഭവിക്കുകയെന്നത് ജൂണ്‍ 23നറിയാം.

Content Highlights: Nilambur By Election ahead to know election history of Nilambur

To advertise here,contact us