താമരശ്ശേരി ചുരം കയറുന്നതിനിടെ ഫോൺവിളി; കെഎസ്ആർടിസി സ്വിഫ്റ്റ് ഡ്രൈവർക്കെതിരെ നടപടി

അപകടകരമായി വാഹനം ഓടിച്ച ജയേഷിന്റെ ദൃശ്യങ്ങൾ യാത്രക്കാരൻ ചിത്രീകരിക്കുകയും സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുകയുമായിരുന്നു.

തിരുവനന്തപുരം: ഡ്രൈവിങിനിടെ ഫോണിൽ സംസാരിച്ച സ്വിഫ്റ്റ് ഡ്രൈവറെ സസ്‌പെൻഡ് ചെയ്ത് കെഎസ്ആർടിസി. താമരശ്ശേരി ചുരം കയറുന്നതിനിടെ ഫോണിൽ സംസാരിച്ച സ്വിഫ്റ്റ് ഡ്രൈവറായ ജെ ജയേഷിനെതിരായാണ് കെഎസ്ആർടിസി നടപടിയെടുത്തത്. തിരുവനന്തപുരത്തുനിന്ന് സുൽത്താൻ ബത്തേരിയിലേക്ക് സർവീസ് നടത്തിയ കെഎസ്ആർടിസി ബസ് ആയിരുന്നു ജയേഷ് ഓടിച്ചിരുന്നത്.

ശനിയാഴ്ച വൈകീട്ട് സർവീസ് ആരംഭിച്ച ബസ് ഞായറാഴ്ച രാവിലെയായിരുന്നു താമരശ്ശേരി ചുരം കയറിയത്. യാത്രക്കിടെ ജയേഷ് ഫോൺ ഉപയോഗിക്കുകയായിരുന്നു. അപകടകരമായി വാഹനം ഓടിച്ച ജയേഷിന്റെ ദൃശ്യങ്ങൾ യാത്രക്കാരൻ ചിത്രീകരിക്കുകയും സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുകയുമായിരുന്നു.

തുടർന്ന് സംഭവത്തിൽ കെഎസ്ആർടിസി വിജിലൻസ് വിഭാഗം അടിയന്തിരമായി അന്വേഷണം നടത്തുകയും ജയേഷിനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്യുകയുമായിരുന്നു. ജയേഷിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ കൃത്യവിലോപവും നിരുത്തരവാദപരമായ പ്രവൃത്തിയുമാണ് ഉണ്ടായതെന്ന് കെഎസ്ആർടിസി ചൂണ്ടിക്കാട്ടി.

ഇത്തരത്തിൽ നിരുത്തരവാദപരമായ പ്രവൃത്തികൾ ജീവനക്കാരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നപക്ഷം കുറ്റക്കാർക്കെതിരെ അതിശക്തമായ നടപടി സ്വീകരിക്കുമെന്ന് കെഎസ്ആർടിസി വ്യക്തമാക്കി. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഏറെ പ്രാധാന്യമേറിയതാണെന്നും കെഎസ്ആർടിസി അറിയിച്ചു.

Content Highlights: KSRTC Swift driver suspended for using mobile phone while driving at Thamarassery Churam.

To advertise here,contact us