കോഴിക്കോട്: ശക്തമായ കാറ്റിന് പിന്നാലെ കോഴിക്കോട് അരീക്കാട് റെയിൽപാളത്തിൽ മരങ്ങൾ വീണതോടെ ട്രെയിൻ ഗതാഗതം തടസപ്പെട്ടു. രാത്രി എട്ടുമണിയോടെയാണ് പാളത്തിലേക്ക് മരങ്ങൾ വീണത്. മൂന്നു മരങ്ങളാണ് ശക്തമായ കാറ്റിന് പിന്നാലെ റെയിൽ പാളത്തിലേക്ക് കടപുഴകി വീണത്.
സമീപത്തെ വീടുകൾക്ക് മുകളിൽ പാകിയ ഷീറ്റും റെയിൽവെ ട്രാക്കിലേക്ക് പറന്നുവീണിട്ടുണ്ട്. മരങ്ങൾ കടപുഴകി വീണതോടെ വൈദ്യുതി ലൈനും തകർന്നിട്ടുണ്ട്. ഇതോടെ കോഴിക്കോട് നിന്ന് ഷൊർണൂർ ഭാഗത്തേക്കും തിരിച്ചുമുള്ള ട്രെയിൻ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.
മരങ്ങൾ മുറിച്ച് മാറ്റി വൈദ്യൂതി ബന്ധം പുന:സ്ഥാപിച്ചാൽ മാത്രമായിരിക്കും ട്രെയിൻ ഗതാഗതം പുന:സ്ഥാപിക്കാൻ സാധിക്കുക. കോഴിക്കോട് അരീക്കാട് ട്രാക്കിലൂടെ തിരുന്നൽവേലി- ജാം നഗർ ട്രെയിൻ കടന്നുപോകാനിരിക്കുന്നതിന് തൊട്ടുമുമ്പാണ് ട്രാക്കിൽ മരങ്ങൾ വീണത്. ട്രാക്കിന് സമീപത്തെ മരങ്ങളെ കുറിച്ച് നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നെന്ന് നാട്ടുകാർ പറഞ്ഞു.
നിലവിൽ ഷൊർണൂർ ഭാഗത്തേക്ക് ഉള്ള ട്രാക്ക് നന്നാക്കിയിട്ടുണ്ട്. എന്നാൽ ഗതാഗതം എപ്പോൾ പുന:സ്ഥാപിക്കാൻ കഴിയുമെന്ന് പറയാൻ സാധിക്കില്ല. അപകടസാധ്യത പൂർണമായി മാറിയാൽ മാത്രമേ ഗതാഗതം പുന:സ്ഥാപിക്കാൻ സാധിക്കുകയുള്ളു. ഇതിനിടെ ആലുവയിലും ട്രാക്കിൽ മരം വീണിട്ടുണ്ട്. നിലവിൽ ട്രെയിനുകൾ അങ്കമാലിയിൽ പിടിച്ചിട്ടിരിക്കുകയാണ്.
Content Highlights: Kerala Monsoon Trees have fallen on railway tracks in Kozhikode and Aluva trains will be delayed