നിലമ്പൂര്: സ്ഥാനാര്ത്ഥി നിര്ണയവുമായി ബന്ധപ്പെട്ട ഒരു വിവരവും ലഭിച്ചിട്ടില്ലെന്ന് കോണ്ഗ്രസ് നേതാവ് ആര്യാടന് ഷൗക്കത്ത്. ഹൈക്കമാന്ഡ് പ്രഖ്യാപിക്കുന്ന സ്ഥാനാര്ത്ഥിക്ക് വേണ്ടി പ്രവര്ത്തിക്കാന് നിലമ്പൂര് സജ്ജമാണെന്ന് ആര്യാടന് ഷൗക്കത്ത് റിപ്പോര്ട്ടറിനോട് പറഞ്ഞു. ഹൈക്കമാന്ഡാണ് തീരുമാനം എടുക്കേണ്ടതെന്നും യുഡിഎഫിന് അനുകൂലമായ സാഹചര്യമാണ് നിലമ്പൂരിലെന്നും അദ്ദേഹം വ്യക്തമാക്കി.
'നേതാക്കള് തീരുമാനിച്ച് അറിയിക്കുന്നതാണ് കോണ്ഗ്രസിന്റെ രീതി. ഈ തിരഞ്ഞെടുപ്പില് യുഡിഎഫ് വലിയ ഭൂരിപക്ഷത്തില് വിജയിക്കും. ആര് സ്ഥാനാര്ത്ഥി ആയാലും നിലമ്പൂരില് ജയിക്കുന്നതിനുള്ള മുന്നൊരുക്കം നടത്തിയിട്ടുണ്ട്', ആര്യാടന് ഷൗക്കത്ത് പറഞ്ഞു. തന്റെ പിതാവും മുതിര്ന്ന കോണ്ഗ്രസ് നേതാവുമായിരുന്ന അന്തരിച്ച ആര്യാടന് മുഹമ്മദിന്റെ പ്രസക്തിയെ കുറിച്ചും ആര്യാടന് ഷൗക്കത്ത് ഓര്മിപ്പിച്ചു.
നിലമ്പൂരിനെ നിലമ്പൂര് ആക്കിയത് ആര്യാടന് മുഹമ്മദാണെന്നും വലിയ മാറ്റങ്ങള് കൊണ്ടുവന്നത് അദ്ദേഹമാണെന്നും ഷൗക്കത്ത് പറഞ്ഞു. കഴിഞ്ഞ തവണ നിലമ്പൂരില് കോണ്ഗ്രസിന് വേണ്ടി മത്സരിച്ച വി വി പ്രകാശ് ഓടി നടന്ന് പ്രവര്ത്തിച്ചിരുന്ന നേതാവായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആര്യാടന്റേയും വിവി പ്രകാശിന്റെയും സ്വപ്നങ്ങള് ഈ മണ്ണില് സാക്ഷാല്ക്കരിക്കപ്പെടുമെന്നും ആര്യാടന് ഷൗക്കത്ത് പറഞ്ഞു. മുന് എംഎല്എ അന്വറിനെ കുറിച്ചും ഷൗക്കത്ത് പ്രതികരിച്ചു.
'പി വി അന്വറിന്റെ പിന്തുണയില് വിരോധാഭാസത്തിന്റെ ആവശ്യമില്ല. യുഡിഎഫ് ഉന്നയിക്കുന്ന കാര്യങ്ങള് തന്നെയാണ് ഇപ്പോള് പി വി അന്വര് ഉന്നയിക്കുന്നത്. യുഡിഎഫും പി വി അന്വറും ഒരുമിച്ച് തിരഞ്ഞെടുപ്പിനെ നേരിടും. എല്ഡിഎഫിന് നിലമ്പൂരില് ഒന്നും ചെയ്യാന് കഴിഞ്ഞിട്ടില്ല', ആര്യാടന് ഷൗക്കത്ത് കൂട്ടിച്ചേര്ത്തു.
അതേസമയം ജൂണ് 19നാണ് നിലമ്പൂരില് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ജൂണ് 23 നാണ് വോട്ടെണ്ണല്. പി വി അന്വര് രാജി വെച്ചതിനെ തുടര്ന്ന് വന്ന ഒഴിവിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. നിലമ്പൂര് ഉള്പ്പെടെ രാജ്യത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും ജൂണ് 19ന് ഉപതിരഞ്ഞെടുപ്പ് നടക്കും. ഗസറ്റ് വിജ്ഞാപനം ഈ മാസം 26ന് ഉണ്ടാകും. ജൂണ് രണ്ടിനാണ് നോമിനേഷന് സമര്പ്പിക്കേണ്ട അവസാന തിയതി. നോമിനേഷന് പിന്വലിക്കാനുള്ള അവസാന തീയതി ജൂണ് അഞ്ചാണ്.
Content Highlights: Aryadan Shoukath about Nilambur By Election