ബിജെപി നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കില്ല? അടിയന്തര കോ‍ർ കമ്മിറ്റി യോ​ഗം ഉച്ചയ്ക്ക്

തദ്ദേശതിരഞ്ഞെടുപ്പിലും നിയമസഭയിലും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് നേതൃത്വത്തിൻ്റെ ആലോചന

മലപ്പുറം: നിലമ്പൂ‍ർ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ അടിയന്തര കോർ കമ്മിറ്റി യോ​ഗം വിളിച്ച് ബിജെപി നേതൃത്വം. ഇന്ന് ഉച്ചയ്ക്ക് ഓൺലൈനായാണ് യോ​ഗം ചേരുക. ബിജെപി നിലമ്പൂരിൽ മത്സരിച്ചേക്കില്ലെന്നാണ് സൂചന. തദ്ദേശതിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് നേതൃത്വത്തിൻ്റെ ആലോചന. പാർട്ടി വോട്ടുകൾ അനാഥമാകുമെന്ന ആശങ്കയാണ് മത്സരിക്കേണ്ടതില്ല എന്ന ആലോചനയ്ക്ക് പിന്നിലെന്നാണ് വിവരം.

നിലമ്പൂ‍ർ ഉപതിരഞ്ഞെടുപ്പിനെക്കുറിച്ച് ആലോചിക്കാൻ ബിജെപി കോർ കമ്മിറ്റി ഉടൻ യോ​ഗം ചേരുമെന്ന് നേരത്തെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖ‍ർ വ്യക്തമാക്കിയിരുന്നു. ആറ് മാസമല്ലേ ഉള്ളു തങ്ങളുടെ പ്രധാന ഫോക്കസ് തദ്ദേശ തിരഞ്ഞെടുപ്പാണെന്നും ബിജെപി അധ്യക്ഷൻ വ്യക്തമാക്കിയിരുന്നു. 'ഇപ്പോഴത്തെ ഫോക്കസ് പഞ്ചായത്ത് തിരഞ്ഞെടുപ്പാണ്. നിലമ്പൂരില്‍ വികസനം നടന്നിട്ടില്ല. ജനങ്ങള്‍ക്ക് മാറ്റം വേണം. വികസനം വേണം. നാടിനെ മുന്നോട്ട് കൊണ്ടുപോകുകയാണ് ബിജെപിയുടെ ലക്ഷ്യം. രാഷ്ട്രീയം ലക്ഷ്യമല്ല. 9 കൊല്ലം മുഖ്യമന്ത്രിക്ക് അവസരം കൊടുത്തിട്ട് എന്ത് ചെയ്തു. ഇതെല്ലാം ജനങ്ങള്‍ മനസിലാക്കിയിട്ടുണ്ട്', അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 60 കൊല്ലമായി രണ്ട് പാര്‍ട്ടികളുടെ രാഷ്ട്രീയം കണ്ട് ജനങ്ങള്‍ക്ക് മടുത്തെന്ന് അദ്ദേഹം പറഞ്ഞു. മാറ്റം വേണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നു'വെന്നും രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു

നേരത്തെ ജൂൺ 19ന് നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പ് നടക്കുമെന്ന പ്രഖ്യാപനം വന്നിരുന്നു. ജൂൺ 23 നാണ് വോട്ടെണ്ണൽ. പി വി അൻവർ രാജി വെച്ചതിനെ തുടർന്ന് വന്ന ഒഴിവിലേയ്ക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. നിലമ്പൂരിന് പുറമെ മൂന്ന് സംസ്ഥാനങ്ങളിലെ നാല് നിയമസഭ മണ്ഡലങ്ങളിലേക്കും ഉപതെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. പഞ്ചാബിലെ ലുധിയാന വെസ്റ്റ്, പശ്ചിമബംഗാളിലെ കാളിഗഞ്ച്, ഗുജറാത്തിലെ കാദി, വിസാവദാർ എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ്. ഗസറ്റ് വിജ്ഞാപനം ഈ മാസം 26ന് ഉണ്ടാകും. ജൂൺ രണ്ടിനാണ് നോമിനേഷൻ സമർപ്പിക്കേണ്ട അവസാന തിയതി. നോമിനേഷൻ പിൻവലിക്കാനുള്ള അവസാന തീയതി ജൂൺ അഞ്ചാണ്.

Content Highlights: Will BJP not contest in Nilambur By Election Call for Emergency core committee meeting

To advertise here,contact us