നിലമ്പൂരിൽ വി എസ് ജോയ്‌യോ ആര്യാടൻ ഷൗക്കത്തോ? യുഡിഎഫ് സ്ഥാനാർത്ഥി പ്രഖ്യാപനം നാളെ ഉണ്ടായേക്കും

പ്രാഥമിക ചർച്ചകൾക്ക് പാർട്ടി തുടക്കമിട്ടു

മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ യുഡിഎഫിൽ സ്ഥാനാർത്ഥി ചർച്ചകൾ സജീവമാകുന്നു. പ്രാഥമിക ചർച്ചകൾക്ക് പാർട്ടി നേരത്തെ തുടക്കമിട്ടിരുന്നു. സ്ഥാനാർത്ഥിയെ നാളെ പ്രഖ്യാപിക്കുമെന്നാണ് സൂചന. മലപ്പുറം ഡിസിസി പ്രസിഡ്ന്റ് വി എസ് ജോയ്, ആര്യാടൻ ഷൗക്കത്ത് എന്നിവരാണ് പരിഗണനയിൽ ഉള്ളത്. നിലമ്പൂർ മുൻ എംഎൽഎയും, ഇപ്പോൾ യുഡിഎഫ് പിന്തുണയുള്ള തൃണമൂൽ കോൺഗ്രസ് നേതാവുമായ പി വി അൻവറിന്റെ പിന്തുണ വി എസ് ജോയ്ക്കാണ്. കെ സി വേണുഗോപാൽ ഇന്ന് രാത്രി കേരളത്തിലേയ്ക്ക് തിരിച്ചെത്തും. തുടർന്ന് നാളെ അടിയന്തര നേതൃയോഗം ചേരും. ഇതിന് പിന്നാലെ സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ജൂൺ 19 നാണ് നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പ് നടക്കുക. ജൂൺ 23 നാണ് വോട്ടെണ്ണൽ. പി വി അൻവർ രാജി വെച്ചതിനെ തുടർന്ന് വന്ന ഒഴിവിലേയ്ക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. നിലമ്പൂർ ഉൾപ്പെടെ രാജ്യത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും ജൂൺ 19ന് ഉപതിരഞ്ഞെടുപ്പ് നടക്കും. ഗസറ്റ് വിജ്ഞാപനം ഈ മാസം 26ന് ഉണ്ടാകും. ജൂൺ രണ്ടിനാണ് നോമിനേഷൻ സമർപ്പിക്കേണ്ട അവസാന തിയതി. നോമിനേഷൻ പിൻവലിക്കാനുള്ള അവസാന തീയതി ജൂൺ അഞ്ചാണ്.

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ഉടൻ നടത്തണമെന്നാവശ്യപ്പെട്ട് മുൻ എംഎൽഎ പി വി അൻവർ നേരത്തെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകിയിരുന്നു. ഉപതിരഞ്ഞെടുപ്പ് എത്രയും വേഗത്തിൽ നടത്തണമെന്ന് ആവശ്യമുന്നയിച്ചായിരുന്നു അൻവറിൻ്റെ കത്ത്. ഇനിയും വൈകിയാൽ നിയമ നടപടിയുമായി ഹൈക്കോടതിയെ സമീപിക്കുമെന്നും പി വി അൻവർ കത്തിൽ വ്യക്തമാക്കിയിരുന്നു. തിരഞ്ഞെടുപ്പിൽ കോൺ​ഗ്രസിൻ്റെ മുന്നൊരുക്കം ഏകോപിപ്പിക്കാനുള്ള ചുമതല നേരത്തെ എ പി അനിൽകുമാറിന് നൽകിയിരുന്നു. നിലമ്പൂർ മണ്ഡലത്തിൽ സിപിഐഎമ്മിൻ്റെ പ്രവർത്തനങ്ങളുടെ ചുമതല എം സ്വരാജിനാണ് നൽകിയിട്ടുള്ളത്.

Content Highlights: who will be the udf candidate at nilambur? VS Joy or Aryadan Shoukath?

To advertise here,contact us