മുങ്ങിയ കപ്പലിൽ നിന്നുള്ള എണ്ണ കടലിൽ പടരുന്നു; തീരമേഖലയിൽ അതീവ ജാഗ്രതാ നിർദ്ദേശം

സ്ഥിതിഗതികൾ നിയന്ത്രിക്കാനായും ആഘാതം കുറയ്ക്കാനായും കോസ്റ്റ് ഗാർഡ് ശ്രമം തുടരുകയാണ്

കൊച്ചി: അറബിക്കടലിൽ മുങ്ങിയ ചരക്കുകപ്പലിൽ നിന്നുള്ള എണ്ണ കടലിലേക്ക് പടരുന്നു. സ്ഥിതിഗതികൾ നിയന്ത്രിക്കാനായും ആഘാതം കുറയ്ക്കാനായും കോസ്റ്റ് ഗാർഡ് ശ്രമം തുടരുകയാണ്.

മലിനീകരണ നിയന്ത്രണ സംവിധാനം ഉള്ള ഐസിജി സക്ഷം എന്ന കപ്പലാണ് മേഖലയിൽ ഉള്ളത്. കോസ്റ്റ് ഗാർഡിന്റെ ഹെലിക്കോപ്റ്ററുകളും സ്ഥലത്തുണ്ട്. എണ്ണ കടലിൽ പടർന്നുതുടങ്ങിയതിനാൽ പാരിസ്ഥിതിക ആഘാതത്തിന്റെ തോത് കുറയ്ക്കുക എന്നതായിരിക്കും ഇനി പ്രധാന ലക്ഷ്യം. 643 കണ്ടെയ്നറുകളാണ് കപ്പലിൽ ഉണ്ടായിരുന്നത്. ഇവയിൽ 13 കണ്ടെയ്നറുകളിൽ അപകടകരമായ വസ്തുക്കൾ ഉണ്ടായിരുന്നുവെന്ന് കോസ്റ്റ് ഗാർഡ് അറിയിച്ചിട്ടുണ്ട്.

അതേസമയം, കപ്പൽ പൂർണമായും മുങ്ങിക്കഴിഞ്ഞു. ശനിയാഴ്ചയാണ് കേരളാ തീരത്ത് നിന്ന് 38 നോട്ടിക്കല്‍ മൈല്‍ അകലെ എംഎസ്‌സി എല്‍സ 3 എന്ന ലൈബീരിയന്‍ കപ്പല്‍ ചെരിഞ്ഞത്. ഇന്നലെ രാത്രിയോടെ 24 ല്‍ 21 ജീവനക്കാനേയും നാവികസേന രക്ഷിച്ചിരുന്നു. ക്യാപ്റ്റൻ അടക്കം മൂന്ന് പേരെ ഇന്ന് രാവിലെയാണ് രക്ഷിച്ചത്. കപ്പലില്‍ നിന്ന് കടലില്‍ വീണ കണ്ടെയ്‌നറുകളില്‍ അപകടകരമായ രാസവസ്തുക്കള്‍ ഉള്ളതായാണ് ഇന്നലെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി തീരദേശപ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു.

കടലില്‍ വീണ കണ്ടെയ്നറുകള്‍ എറണാകുളം തീരത്തോ ആലപ്പുഴ തീരത്തോ ഇന്ന് ഉച്ചയ്ക്ക് ശേഷം അടിഞ്ഞേക്കാമെന്നാണ് കെഎസ്ഡിഎംഎ പറയുന്നത്. ഇത്തരത്തില്‍ കണ്ടെയ്നറുകള്‍ കരയ്ക്കടിഞ്ഞാല്‍ ആളുകള്‍ തൊടരുതെന്നും 112 ലേക്ക് വിളിച്ച് വിവരം അറിയിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Content Highlights: oil spreading at sea from capsized ship MSC Elsa 3 at Arabian Sea

To advertise here,contact us