മലപ്പുറം: നിലമ്പൂരില് ബിജെപി സ്ഥാനാര്ത്ഥിയുണ്ടാകില്ലെന്ന് സൂചന. സ്ഥാനാര്ത്ഥിയെ നിര്ത്തേണ്ടതില്ലെന്ന് ബിജെപി കോര് കമ്മിറ്റിയില് ഭൂരിപക്ഷ അഭിപ്രായം ഉയര്ന്നു. നിലമ്പൂരില് പണവും അധ്വാനവും കളയേണ്ടതില്ലെന്നാണ് നേതാക്കളുടെ അഭിപ്രായം. മറ്റ് സ്ഥാനാര്ത്ഥികളെ നോക്കി ആവശ്യമാണെങ്കില് മാത്രം പുനരാലോചന നടത്താനാണ് തീരുമാനം. ക്രിസ്ത്യന് സമൂഹത്തെ തഴയുകയാണെങ്കില് പുനരാലോചിക്കാനും സാധ്യതയേറെയാണ്.
ഇപ്പോഴത്തെ ഫോക്കസ് പഞ്ചായത്ത് തിരഞ്ഞെടുപ്പാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന് രാജീവ് ചന്ദ്രശേഖര് ഇന്ന് പറഞ്ഞിരുന്നു. വരാന് പോകുന്ന എംഎല്എയ്ക്ക് ആറ് മാസം മാത്രമല്ലേ കാലാവധിയുള്ളുവെന്നും സ്ഥാനാര്ത്ഥിയെ നിര്ത്തുമോയെന്ന് ചര്ച്ച ചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
'നിലമ്പൂരില് വികസനം നടന്നിട്ടില്ല. ജനങ്ങള്ക്ക് മാറ്റം വേണം. വികസനം വേണം. നാടിനെ മുന്നോട്ട് കൊണ്ടുപോകുകയാണ് ബിജെപിയുടെ ലക്ഷ്യം. രാഷ്ട്രീയം ലക്ഷ്യമല്ല. ഒമ്പത് കൊല്ലം മുഖ്യമന്ത്രിക്ക് അവസരം കൊടുത്തിട്ട് എന്ത് ചെയ്തു. ഇതെല്ലാം ജനങ്ങള് മനസിലാക്കിയിട്ടുണ്ട്', അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 60 കൊല്ലമായി രണ്ട് പാര്ട്ടികളുടെ രാഷ്ട്രീയം കണ്ട് ജനങ്ങള്ക്ക് മടുത്തെന്നും മാറ്റം വേണമെന്ന് ജനങ്ങള് ആഗ്രഹിക്കുന്നുവെന്നും രാജീവ് ചന്ദ്രശേഖര് കൂട്ടിച്ചേര്ത്തു.
ജൂണ് 19 നാണ് നിലമ്പൂരില് ഉപതിരഞ്ഞെടുപ്പ് നടക്കുക. ജൂണ് 23 നാണ് വോട്ടെണ്ണല്. പി വി അന്വര് രാജി വെച്ചതിനെ തുടര്ന്ന് വന്ന ഒഴിവിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. നിലമ്പൂര് ഉള്പ്പെടെ രാജ്യത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും ജൂണ് 19ന് ഉപതിരഞ്ഞെടുപ്പ് നടക്കും. ഗസറ്റ് വിജ്ഞാപനം ഈ മാസം 26ന് ഉണ്ടാകും. ജൂണ് രണ്ടിനാണ് നോമിനേഷന് സമര്പ്പിക്കേണ്ട അവസാന തിയതി. നോമിനേഷന് പിന്വലിക്കാനുള്ള അവസാന തീയതി ജൂണ് അഞ്ചാണ്.
Content Highlights: No BJP candidate in nilambur byelection