കൊച്ചി: സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, തൃശ്ശൂർ, എറണാകുളം, ഇടുക്കി,കോട്ടയം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് കളക്ടമാർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സ്കൂളുകളിൽ സ്പെഷ്യൽ ക്ലാസുകൾ വയ്ക്കരുതെന്നും നിർദേശിച്ചിട്ടുണ്ട്.
കണ്ണൂർ ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാലും കനത്ത മഴ തുടരുന്ന സാഹചര്യത്തിലും ജില്ലയിലെ അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, സ്പെഷൽ ക്ലാസുകൾ എന്നിവ തിങ്കളാഴ്ച പ്രവർത്തിക്കരുതെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
വയനാട് ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിക്കുകയും അതിതീവ്ര മഴ തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് നാളെ അവധി. അങ്കണവാടികൾ, മദ്രസകൾ, സ്പെഷ്യൽ ക്ലാസുകൾ, ട്യൂഷൻ സെൻ്ററുകൾ എന്നിവയ്ക്ക് നാളെ ജില്ലാ കളക്ടർ ഡി ആർ മേഘശ്രീ അവധി പ്രഖ്യാപിച്ചു. സർവകലാശാലാ പരീക്ഷകൾക്കും പിഎസ്സി പരീക്ഷകൾക്കും അവധി ബാധകമല്ല.
കോഴിക്കോട് ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ നാളെ സ്കൂളുകൾക്ക് അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
ശക്തമായ മഴ കണക്കിലെടുത്ത് എറണാകുളം ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളതിനാൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ കളക്ടർ അവധി പ്രഖ്യാപിച്ചു. ട്യൂഷൻ സെന്ററുകൾക്കും അവധി ബാധകമാണ്.
ജില്ലയിൽ കനത്ത മഴ തുടരുന്നതിനാലും നാളെ റെഡ് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും മലപ്പുറം ജില്ലയിലെ മദ്റസകൾ, ട്യൂഷൻ സെൻ്ററുകൾ ഉൾപ്പെടെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ ജില്ലാ കളക്ടർ വി ആർ വിനോദ് അവധി പ്രഖ്യാപിച്ചു. പരീക്ഷകൾക്കും റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമല്ല.
അതിതീവ്രമഴ സാധ്യതയെത്തുടർന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചതിനാലാണ് കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. പ്രൊഫഷണൽ കോളേജുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അങ്കണവാടികൾ, അവധിക്കാല ക്ലാസുകൾ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മറ്റ് അവധിക്കാല കലാ-കായിക പരിശീലന കേന്ദ്രങ്ങൾ/ സ്ഥാപനങ്ങൾ, മതപാഠശാലകൾ എന്നിവയ്ക്കും അവധിയാണ്.
കേരളത്തിൽ മൺസൂൺ എത്തിയതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചതിന് പിന്നാലെ കേരളത്തിൽ കാലവർഷം ശക്തമാവുകയാണ്. മലബാറിലെ അഞ്ച് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. എട്ടു ദിവസം നേരത്തെയാണ് കേരളത്തിൽ കാലവർഷം എത്തുന്നത്. 16 വർഷത്തിന് ശേഷമാണ് കേരളത്തിൽ മൺസൂൺ നേരത്തെ എത്തുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി കേരളത്തിൽ വ്യാപകമായ മഴ തുടരുകയാണ്.
Content Highlights: Holiday for educational institutions in kerala due to rain