തൊടുപുഴ: ഇടുക്കിയിൽ കനത്ത മഴയെ തുടർന്ന് മലങ്കര ഡാം മുന്നറിയിപ്പ് ഇല്ലാതെ തുറന്നു. ആറ് ഷട്ടറുകളിൽ 5 എണ്ണം ആണ് മുന്നറിയിപ്പ് ഇല്ലാതെ തുറന്നത്.ഇതോടെ തൊടുപുഴ, മൂവാറ്റുപുഴ ആറുകളിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് ഉണ്ട്. തൊടുപുഴ, മൂവാറ്റുപുഴ നദികളുടെ തീരങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്. മഴ കനത്ത സാഹചര്യത്തിൽ ഇടുക്കി കല്ലാർകുട്ടി ഡാമിൻ്റെ ഷട്ടറുകൾ ഇന്നലെ തുറന്നിരുന്നു. ഒരു ഷട്ടർ 15 സെന്റീ മീറ്റർ ആണ് ഉയർത്തിയത്. അതിനെ തുടർന്ന് മുതിരപ്പുഴയാർ പെരിയാർ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം നൽകിയിരുന്നു.
സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തില് അഞ്ച് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചത്. ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.അടുത്ത ഏഴുദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ (5-15mm/ hour) ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.നാളെ 11 ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. സാധാരണയേക്കാൾ കൂടുതൽ മഴ പ്രതീക്ഷിക്കുന്ന ഈ കാലവർഷത്തിൽ ആദ്യ ദിവസങ്ങളിൽ തന്നെ കനത്ത മഴയാണ് ലഭിക്കുമെന്നാണ് പ്രവചനം. തുടർച്ചയായി മഴ ലഭിക്കുന്ന മേഖലകളിൽ ഉരുൾപ്പൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക സാധ്യതകൾ കണക്കിലെടുത്ത് അതീവ ജാഗ്രത നിർദേശമാണ് നൽകിയിരിക്കുന്നത്. കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
Content Highlight: heavy rain; Idukki Malankara Dam opened without warning