കരുനാഗപ്പള്ളി: കടപുഴകി വീണ കൂറ്റന് ആഞ്ഞിലിമരത്തിനും വൈദ്യുതി പോസ്റ്റിനും ഇടയില് കുടങ്ങിയ കാറില് നിന്ന് സി ആര് മഹേഷ് എംഎല്എ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഇന്നലെ വൈകിട്ട് 6.30 ഓടെ തഴവ മണപ്പള്ളി തെക്ക് തണ്ണക്കരമുക്കിന് സമീപമാണ് സംഭവം നടന്നത്.
മണപ്പള്ളിയില് കോണ്ഗ്രസ് ബൂത്ത് കമ്മിറ്റിയുടെ മഹാത്മാഗാന്ധി കുടുംബ സംഗമത്തില് പങ്കെടുക്കാന് എത്തിയതായിരുന്നു സി ആര് മഹേഷ് എംഎല്എ. ഇതിനിടെ തൊടിയൂരില് ശക്തമായ കാറ്റില് വീടിന്റെ മേല്ക്കൂര പറന്നുപോയ വിവരം അറിഞ്ഞു. തുടര്ന്ന് എംഎല്എ അവിടയേക്ക് തിരിച്ചു. ഇതിനിടെ ശക്തമായ കാറ്റിലും മഴയിലും ആഞ്ഞിലിമരം കടപുഴകി വൈദ്യുതി ലൈനിലേക്ക് വീണു. ഇതോടെ ലൈന് വലിഞ്ഞ് വൈദ്യുതി പോസ്റ്റ് കാറിന് മുന്നിലേയ്ക്ക് വീണു. കടപുഴകിയ ആഞ്ഞിലിമരം കാറിന്റെ പിന്ഭാഗത്താണ് വീണത്. കാറും കാറിലുണ്ടായിരുന്ന സി ആര് മഹേഷ് എംഎല്എയും ഡ്രൈവറും തലനാരിഴയ്ക്കാണ് അപകടത്തില് നിന്ന് രക്ഷപ്പെട്ടത്.
ഈ സമയം മൂന്ന് കുട്ടികള് ഇതുവഴി സൈക്കിളില് വരുന്നുണ്ടായിരുന്നു. ഇവരും അപകടത്തില് നിന്ന് രക്ഷപ്പെട്ടു. വൈദ്യുതി പോസ്റ്റ് മറിഞ്ഞുവീണതോടെ വലിയ രീതിയില് തീ പടര്ന്നു. ഇതുകണ്ട ഭയപ്പെട്ട കുട്ടികള് നിലവിളിച്ചു. വൈദ്യുതി ഉടന് വിച്ഛേദിക്കപ്പെട്ടതിനാല് വലിയ അപകടം ഒഴിവായി. ഫയര്ഫോഴ്സ് എത്തി മരം മുറിച്ചുമാറ്റി.
Content Highlights- C R Mahesh MLA just escaped from an accident in Karunagappally