ശ്രദ്ധിക്കുക; നാളെ അതിതീവ്ര മഴ, പതിനൊന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്, വിവരങ്ങൾ അറിയാം

കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന രീതിയാണ് അതിതീവ്ര മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. പതിനൊന്ന് ജില്ലകളില്‍ അതിതീവ്ര മഴയും 3 ജില്ലകളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ഇതോടനുബന്ധിച്ച് 11 ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു.

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

അതിതീവ്ര മഴ അപകടങ്ങൾ സൃഷ്ടിക്കും. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന രീതിയാണ് പ്രതീക്ഷിക്കുന്നത്. അത് മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുൾപൊട്ടലും സൃഷ്ടിച്ചേക്കാം. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതേ സമയം, കനത്ത മഴയോടനുബന്ധിച്ച് ഇന്ന് മലബാറിലെ അഞ്ച് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്. എട്ടു ദിവസം നേരത്തെയാണ് കേരളത്തിൽ കാലവർഷം എത്തുന്നത്. 16 വർഷത്തിന് ശേഷമാണ് കേരളത്തിൽ മൺസൂൺ നേരത്തെ എത്തുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി കേരളത്തിൽ വ്യാപകമായ മഴ തുടരുകയാണ്.

Content Highlights- Attention; Very heavy rain tomorrow, red alert in eleven districts, details to know

To advertise here,contact us