കണ്ണൂരില്‍ എട്ട് വയസുകാരിയെ അച്ഛന്‍ മർദിച്ച സംഭവം; കുട്ടികള്‍ക്ക് സംരക്ഷണം ഉറപ്പാക്കുമെന്ന് വീണാ ജോർജ്

കുട്ടികള്‍ക്ക് ആവശ്യമായ കൗണ്‍സിലിംഗ് നല്‍കാനും തീരുമാനം

തിരുവനന്തപുരം: കണ്ണൂരില്‍ 8 വയസുകാരിയെ അച്ഛന്‍ ക്രൂരമായി മർദിച്ച സംഭവത്തിൽ നടപടിയുമായി ആരോഗ്യ വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കുട്ടികള്‍ക്ക് തുടര്‍ സംരക്ഷണം ഉറപ്പാക്കണമെന്ന് വനിത ശിശു വികസന വകുപ്പ് ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി.

ഇതനുസരിച്ച് കണ്ണൂര്‍ ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചു. കുട്ടികള്‍ക്ക് ആവശ്യമായ കൗണ്‍സിലിംഗ് നല്‍കാനും നടപടി സ്വീകരിക്കും. ആവശ്യമാണെങ്കില്‍ കുട്ടികളെ ശിശു സംരക്ഷണ സ്ഥാപനത്തിലേക്ക് മാറ്റുകയും ചെയ്യും.

കണ്ണൂര്‍ ചെറുപുഴയിലാണ് സ്വന്തം മകള്‍ക്ക് നേരെ പിതാവിന്റെ മനസാക്ഷിയില്ലാത്ത ക്രൂരത ഉണ്ടായത്. മകളെ മുടിക്ക് പിടിക്കുകയും നിലത്തേക്ക് വലിച്ചിട്ട് അരിവാളിന് വെട്ടാനോങ്ങുന്നതുമായ ദൃശ്യങ്ങൾ കരളലിയിപ്പിക്കുന്നതായിരുന്നു.

സംഭവത്തില്‍ പൊലീസ് കേസെടുക്കുകയും പിതാവ് ജോസിന്‍റെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. മകളെ പിതാവ് ക്രൂരമായി മര്‍ദിക്കുകയും അരിവാളിന് വെട്ടാനോങ്ങുകയും ചെയ്യുന്ന വീഡിയോ ശ്രദ്ധയില്‍പ്പെട്ടിട്ടും കേസെടുക്കാതിരുന്ന പൊലീസ് നടപടിക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു.

മാറിത്താമസിക്കുന്ന അമ്മയെ തിരികെ കൊണ്ടുവരാനുള്ള പ്രാങ്ക് വീഡിയോ ആണെന്നായിരുന്നു മര്‍ദനത്തില്‍ പിതാവിന്റെ വിശദീകരണം. ഇത് വിശ്വസിച്ചായിരുന്നു പൊലീസ് കേസെടുക്കല്‍ നടപടി വൈകിച്ചത്. എന്നാല്‍ ഇതൊരു പ്രാങ്ക് വീഡിയോ അല്ലെന്ന് റിപ്പോര്‍ട്ടര്‍ ടി വി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. തല്ലരുതെന്ന് കുഞ്ഞ് ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നത് വീഡിയോയില്‍ കേള്‍ക്കാം.

Content Highlights: Veena George reacts to the incident of father harassing daughter in Kannur

To advertise here,contact us