കണ്ണൂര്: ചെറുപുഴയില് മകളെ ക്രൂരമായി മര്ദ്ദിച്ച സംഭവത്തില് പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചെറുപുഴ പൊലീസാണ് മാമച്ചന് എന്ന ജോസിനെ അറസ്റ്റ് ചെയ്തത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം ഇയാളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.
ചെറുപുഴ പ്രാപ്പൊയിലിലായിരുന്നു സംഭവം നടന്നത്. എട്ട് വയസുകാരിയായ മകളെയാണ് ജോസ് ക്രൂരമായി മര്ദ്ദിച്ചത്. കുട്ടിയെ ഇയാള് അരിവാള് ഉപയോഗിച്ച് വെട്ടാനോങ്ങുകയും ശ്രമിച്ചിരുന്നു. ഇതിന്റെ വീഡിയോ റിപ്പോര്ട്ടര് ടിവി അടക്കം പുറത്തുവിട്ടിരുന്നു. സംഭവം വാര്ത്തയായതോടെ പ്രാങ്ക് വീഡിയോ ആണെന്നായിരുന്നു ജോസ് നല്കിയ വിശദീകരണം. മാറിതാമസിക്കുന്ന ഭാര്യയെ തിരികെ കൊണ്ടുവരാന് വേണ്ടിയാണ് ഇങ്ങനെ ഒരു വീഡിയോ ചെയ്തതെന്നും ഇയാള് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ജോസിനെതിരെ നടപടിയെടുക്കാന് ജില്ലാ പൊലീസ് മേധാവി അനൂജ് പലിവാള് നിര്ദേശം നല്കി. ഇതിന്റെ അടിസ്ഥാനത്തില് ജോസിനെതിരെ കേസടുക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.
സംഭവത്തില് ബാലാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്. ബാലാവകാശ കമ്മീഷന് ചെയര്പേഴ്സൺ കെ വി മനോജ് പൊലീസില് നിന്ന് റിപ്പോര്ട്ട് തേടിയിട്ടുണ്ട്. കുട്ടിയുടെ വീട്ടിലേക്ക് അടിയന്തരമായി എത്താന് ചൈല്ഡ് ലൈന് പ്രവര്ത്തകര്ക്ക് ബാലാവകാശ കമ്മീഷന് നിര്ദേശം നല്കിയിട്ടുണ്ട്.
Content Highlights- Police arrest father who attack daughter in kannur cherupuzha