പാലക്കാട് ആലത്തൂരില്‍ ദേശീയപാത ഇടിഞ്ഞ് താഴ്ന്നു; അപകടം വാഹനങ്ങള്‍ കടന്നു പോകുന്നതിനിടെ

സംഭവത്തെ തുടര്‍ന്ന് വാഹന ഗതാഗതം നിര്‍ത്തിവെച്ചു

പാലക്കാട്: ആലത്തൂരില്‍ ദേശീയപാത ഇടിഞ്ഞ് താഴ്ന്നു. സ്വാതി ജംഗ്ഷന് സമീപമാണ് ദേശീയപാത ഇടിഞ്ഞ് താഴ്ന്നത്. ഇന്ന് പുലര്‍ച്ചയോട് കൂടിയായിരുന്നു സംഭവം. വാഹനങ്ങള്‍ പോകുന്നതിനിടയിലാണ് റോഡ് ഇടിഞ്ഞു താഴ്ന്നത്. കള്‍വേര്‍ട്ട് നിര്‍മ്മാണം നടക്കുന്ന റോഡ് ആണ് താഴ്ന്നത്.

സംഭവത്തെ തുടര്‍ന്ന് വാഹന ഗതാഗതം നിര്‍ത്തിവെച്ചു. കള്‍വര്‍ട്ട് നിര്‍മാണം പൂര്‍ത്തിയാക്കിയ ശേഷം ഗതാഗതം പുനസ്ഥാപിക്കുമെന്നാണ് ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥര്‍ അറിയിക്കുന്നത്. പാലക്കാട് നിന്ന് തൃശൂര്‍ പോകുന്ന രണ്ടുവരി പാതയാണ് ഇടിഞ്ഞ് താഴ്ന്നത്. ജെസിബി എത്തി റോഡിന്റെ പണി തുടങ്ങിയിട്ടുണ്ട്.

നേരത്തെ സംസ്ഥാനത്ത് നിരവധി സ്ഥലങ്ങളിൽ നിർമാണത്തിലിരിക്കുന്ന ദേശീയ പാത 66ൽ വിള്ളലുകൾ ഉണ്ടായിരുന്നു. സംഭവത്തിൽ ദേശീയ പാത അതോറിറ്റിക്കെതിരെ ഹൈക്കോടതി രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. സംഭവിച്ച കാര്യങ്ങളില്‍ കേരളത്തിന് സന്തോഷമില്ലെന്നും എന്താണ് സംഭവിച്ചതെന്നതില്‍ ദേശീയ പാതാ അതോറിറ്റി ഇടക്കാല റിപ്പോര്‍ട്ട് നല്‍കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.

അതേസമയം ദേശീയപാതാ നിര്‍മ്മാണത്തില്‍ ദേശീയപാതാ അതോറിറ്റി വീഴ്ച സമ്മതിക്കുകയും തകര്‍ന്ന പാതകളില്‍ ഘടനാപരമായ മാറ്റം വരുത്തുമെന്ന് കോടതിയെ അറിയിക്കുകയുമായിരുന്നു. ദേശീയ പാത തകര്‍ന്ന ഇടങ്ങളിലെ കരാര്‍ കമ്പനികള്‍ക്കെതിരെ നടപടിയെടുത്തെന്നും അതോറിറ്റി വ്യക്തമാക്കി.

Content Highlights: National highway collapses in Palakkad s Alathur

To advertise here,contact us