കണ്ണൂരിൽ ദേശീയപാത നിര്‍മാണത്തിനിടെ മണ്ണിടിച്ചിൽ; അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം

കുന്നിടിച്ച് നിര്‍മാണം നടക്കുന്നിടത്താണ് അപകടമുണ്ടായത്

കണ്ണൂര്‍: ദേശീയപാത നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് അതിഥി തൊഴിലാളി മരിച്ചു. കണ്ണൂര്‍ ചാലക്കുന്നിലാണ് സംഭവം. ജാര്‍ഖണ്ഡ് സ്വദേശിയായ തൊഴിലാളിയാണ് മരിച്ചത്. കുന്നിടിച്ച് നിര്‍മാണം നടക്കുന്നിടത്താണ് അപകടമുണ്ടായത്.

അതേസമയം തുടർച്ചയായി പല സ്ഥലങ്ങളിലായി ദേശീയ പാത 66 ഇടിഞ്ഞ് താഴ്ന്നതോടെ നിർമാണ കരാര്‍ കമ്പനിയായ കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍സിനെ കഴിഞ്ഞദിവസം ഡീബാര്‍ ചെയ്തിരുന്നു. കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റേതായിരുന്നു നടപടി. ദേശീയപാത അതോറിറ്റിയുടെ വിദഗ്ധസംഘം പ്രദേശത്തെത്തി പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. 21 നാണ് ഡല്‍ഹി ഐഐടി പ്രൊഫസര്‍ ജി വി റാവു മേല്‍നോട്ടം വഹിച്ച രണ്ടംഗ അന്വേഷണസംഘം പ്രദേശത്തെത്തിയത്. നിര്‍മ്മാണ ചുമതല കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍സിനും കണ്‍സള്‍ട്ടന്‍സി എച്ച്ഇസി എന്ന കമ്പനിക്കുമാണ്. കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താതിരിക്കാന്‍ കമ്പനികളില്‍ നിന്നും കേന്ദ്രം വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.

സംഭവത്തിൽ ദേശീയ പാത അതോറിറ്റിക്കെതിരെ ഹൈക്കോടതി രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. സംഭവിച്ച കാര്യങ്ങളില്‍ കേരളത്തിന് സന്തോഷമില്ലെന്നും എന്താണ് സംഭവിച്ചതെന്നതില്‍ ദേശീയ പാതാ അതോറിറ്റി ഇടക്കാല റിപ്പോര്‍ട്ട് നല്‍കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. അതേസമയം ദേശീയപാതാ നിര്‍മ്മാണത്തില്‍ ദേശീയപാതാ അതോറിറ്റി വീഴ്ച സമ്മതിക്കുകയും തകര്‍ന്ന പാതകളില്‍ ഘടനാപരമായ മാറ്റം വരുത്തുമെന്ന് കോടതിയെ അറിയിക്കുകയുമായിരുന്നു. ദേശീയ പാത തകര്‍ന്ന ഇടങ്ങളിലെ കരാര്‍ കമ്പനികള്‍ക്കെതിരെ നടപടിയെടുത്തെന്നും അതോറിറ്റി വ്യക്തമാക്കി.

Content Highlights- Landslide during national highway construction in Kannur; Guest worker dies tragically

To advertise here,contact us