ന്യൂഡല്ഹി: ശശി തരൂര് എംപിക്ക് സെലക്ടീവ് അമ്നീഷ്യയെന്ന് ജോണ് ബ്രിട്ടാസ് എംപിയുടെ വിമര്ശനം. 2023 ലെ ഭൂകമ്പത്തില് തകര്ന്ന തുര്ക്കിക്ക് 10 കോടി രൂപ കേരളം സാമ്പത്തിക സഹായ നല്കിയതിലുള്ള തരൂരിന്റെ വിമര്ശനത്തിലാണ് ജോണ് ബ്രിട്ടാസ് എംപിയുടെ പരിഹാസം. തുര്ക്കിയെ സഹായിക്കാന് കേന്ദ്രം ഓപ്പറേഷന് ദോസ്ത് സംഘടിപ്പിച്ചത് തരൂരിന് അറിയാം എന്നിരിക്കെ വിമര്ശനം അനാവശ്യമാണെന്നും ജോണ് ബ്രിട്ടാസ് അഭിപ്രായപ്പെട്ടു.
തുര്ക്കിക്ക് കേരളം നല്കിയ സഹായം വയനാടന് ജനതയെപോലെ ദുരിതം അനുഭവിക്കുന്നവര്ക്ക് ഉപയോഗിക്കാമായിരുന്നുവെന്നാണ് തരൂര് അഭിപ്രായപ്പെട്ടത്. ഇന്ത്യ-പാക് സംഘര്ഷത്തില് പാകിസ്താനെ തുര്ക്കി പിന്തുണച്ച പശ്ചാത്തലത്തിലാണ് കൂടിയാണ് വിമര്ശനം. രണ്ട് വര്ഷത്തിന് ശേഷം തുര്ക്കിയുടെ പെരുമാറ്റം കണ്ട കേരള സര്ക്കാര് തെറ്റായ മഹാമനസ്കതയെക്കുറിച്ച് ചിന്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും തരൂര് എക്സില് കുറിച്ചിരുന്നു.
പഹല്ഗാം ഭീകരാക്രമണത്തിനു പിന്നാലെ പാകിസ്താന്റെ നിലപാടുകളെ തുര്ക്കി പിന്തുണച്ചത് ഇന്ത്യയും തുര്ക്കിയും തമ്മിലുള്ള ബന്ധത്തില് വിള്ളല് വീഴ്ത്തിയിരുന്നു. തുര്ക്കി നിര്മിത ഡ്രോണുകള് ഉപയോഗിച്ചാണ് ഇന്ത്യയ്ക്കെതിരെ പാകിസ്താന് ആക്രമണശ്രമം നടത്തിയത്. തുര്ക്കി നിര്മിത വസ്തുക്കളും ബേക്കറി ഉല്പന്നങ്ങളും നിരോധിച്ച് ഇന്ത്യയിലെ വ്യാപാരി സമൂഹം മറുപടിയും നല്കിയിരുന്നു. പാകിസ്താന് പരസ്യപിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ തുര്ക്കിയിലേയ്ക്കുള്ള യാത്രകള് ഇന്ത്യന് വിനോദസഞ്ചാരികള് ബഹിഷ്കരിച്ചിരിക്കുകയും ചെയ്തിട്ടുണ്ട്. ഇതോടെ തുര്ക്കിയുടെ ടൂറിസം മേഖല വലിയ പ്രതിസന്ധി നേരിടുന്നതായാണ് വിവരം.
Content Highlights: john brittas mp against shashi tharoor