തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയില് മാറ്റം. കാസര്കോട്, കണ്ണൂര് ജില്ലകളില് റെഡ് അലേര്ട്ട് തുടരും. ബാക്കിയുള്ള 12 ജില്ലകളില് ഓറഞ്ച് അലേര്ട്ട് പ്രഖ്യാപിച്ചു.
നാളെ (25-05-2025) അഞ്ച് വടക്കന് ജില്ലകളില് റെഡ് അലേര്ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്കോടിനും കണ്ണൂരിനും പുറമെ മലപ്പുറം, വയനാട്, കോഴിക്കോട് ജില്ലകളിലാണ് റെഡ് അലേര്ട്ട് മുന്നറിയിപ്പ് നല്കിയത്. മറ്റ് ജില്ലകളില് ഓറഞ്ച് അലേര്ട്ടാണ്. അതേസമയം തിങ്കളാഴ്ച്ച (26-5-2025) ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലൊഴികെ ബാക്കി ജില്ലകളിലെല്ലാം റെഡ് അലേര്ട്ടാണ്. ഈ മൂന്ന് ജില്ലകളില് ഓറഞ്ച് അലേര്ട്ട് തുടരും.
പതിവ് തെറ്റിച്ച് സംസ്ഥാനത്ത് ഇത്തവണ നേരത്തെ മണ്സൂണ് എത്തിയിരിക്കുകയാണ്.പതിനാറ് വര്ഷത്തിന് ശേഷമാണ് സംസ്ഥാനത്ത് കാലവര്ഷം ഇത്ര നേരത്തെയെത്തുന്നത്. 2009 ലും 2001 ലും മെയ് 23 ഓടെ കേരളത്തില് മണ്സൂണ് എത്തിയിരുന്നു. ജൂണ് 1 നാണ് സാധാരണഗതിയില് കാലാവര്ഷത്തിന്റെ വരവ് കണക്കാക്കുന്നത്. 1918ലാണ് ഏറ്റവും നേരത്തെ (മെയ് 11 ന്) മണ്സൂണ് എത്തിയത്. ഏറ്റവും വൈകി മണ്സൂണ് എത്തിയത് 1972ലായിരുന്നു. അന്ന് ജൂണ് 18നാണ് മണ്സൂണ് കേരള തീരം തൊട്ടത്. കഴിഞ്ഞ 25 വര്ഷത്തിനിടെ ഏറ്റവും വൈകി കാലവര്ഷം എത്തിയത് 2016 ലായിരുന്നു. ജൂണ് 9 നായിരുന്നു 2016 ല് മണ്സൂണ് എത്തിയത്. 1975ന് ശേഷമുള്ള തീയതികള് പരിശോധിക്കുമ്പോള് മണ്സൂണ് ആദ്യമായി നേരത്തെ എത്തിയത് 1990ലായിരുന്നു.
Content Highlights: heavy rain continue in state orange alert in 12 districts