തല്ലല്ലേ അച്ഛാ: മകൾക്ക് നേരെ പിതാവിൻ്റെ മനസാക്ഷിയില്ലാ ക്രൂരത, അരിവാളിന് വെട്ടാനോങ്ങി; പ്രാങ്കെന്ന് വിശദീകരണം

തല്ലരുതെന്ന് കുഞ്ഞ് ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നതും വീഡിയോയില്‍ കേള്‍ക്കാം

കണ്ണൂര്‍: കണ്ണൂര്‍ ചെറുപുഴയില്‍ മകള്‍ക്ക് നേരെ പിതാവിന്റെ മനസാക്ഷിയില്ലാത്ത ക്രൂരത. മകളെ ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ റിപ്പോർട്ടർ പുറത്തുവിട്ടു. മകളെ മുടിക്ക് പിടിക്കുകയും നിലത്തേക്ക് വലിച്ചിട്ട് അരിവാളിന് വെട്ടാനോങ്ങുന്നതാണ് ദൃശ്യങ്ങള്‍. തല്ലരുതെന്ന് കുഞ്ഞ് ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നതും വീഡിയോയില്‍ കേള്‍ക്കാം. ചെറുപുഴ പ്രാപ്പൊയിലാണ് സംഭവം.

അതേസമയം മാറിത്താമസിക്കുന്ന അമ്മയെ തിരികെ കൊണ്ടുവരാനുള്ള പ്രാങ്ക് വീഡിയോ ആണെന്നാണ് പിതാവിന്റെ വിശദീകരണം. ഇത് വിശ്വസിച്ച് പൊലീസ് കേസെടുത്തില്ല. എഎന്നാൽ കുട്ടിയെ അച്ഛൻ മർദ്ദിക്കുന്ന ദൃശ്യങ്ങൾ റിപ്പോർട്ടർ ടിവി പുറത്ത് വിട്ടിരുന്നു. ഇതോടെ സംഭവത്തിൽ കേസെടുക്കാൻ പൊലീസ് മടിക്കുന്നതിനെതിരെ വ്യാപക വിമർശനം ഉയരുന്നുണ്ട്.

മാമച്ചന്‍ എന്ന ജോസ് ആണ് മകളെ ക്രൂരമായി മര്‍ദിക്കുന്നത്. കാസര്‍കോട് ചിറ്റാരിക്കല്‍ സ്വദേശിയാണ് ജോസ്. കണ്ണൂരിലെ ചെറുപുഴയില്‍ വാടക വീടെടുത്ത് താമസിച്ചുവരികയാണ്.

അതേസമയം പൊലീസ് കൃത്യസമയത്ത് ഇടപെട്ടെന്ന് എംഎല്‍എ ടിഐ മധുസൂദനന്‍ റിപ്പോർട്ടറിനോട് പ്രതികരിച്ചു. 'വീഡിയോ പ്രാങ്ക് അല്ലെന്നാണ് പ്രദേശത്തുള്ളവരും പറയുന്നത്. പൊലീസ് മകളിൽ നിന്നും വിവരം ശേഖരിച്ച ശേഷം കേസെടുക്കും. ഒരുതരത്തിലും ന്യായീകരിക്കാന്‍ പാടില്ലാത്ത വിഷയമാണ്. ഉടന്‍ നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെടുമെന്നും' എംഎല്‍എ പ്രതികരിച്ചു.

ജോസ് വിദ്യാർത്ഥികളെ ഉപദ്രവിച്ചെന്ന് ബന്ധു റിപ്പോർട്ടറിനോട് പറഞ്ഞു. കുഞ്ഞിനെ ഇന്നലെ ഫോണിൽ വിളിച്ചിരുന്നു. അമ്മയെ കാണണം എന്ന് ആവശ്യപ്പെടുന്നുണ്ട്. എന്നാൽ കാണാൻ അമ്മയ്ക്ക് താൽപര്യമില്ല. ക്രൂരതയാണ് പിതാവ് കാണിച്ചത്. ഇതൊന്നും തമാശയല്ലെന്നും ബന്ധു റിപ്പോർട്ടറിനോട് പറഞ്ഞു. ജോസ് മുമ്പും മക്കളെ ഉപദ്രവിച്ചിട്ടുണ്ടെന്ന് മറ്റൊരു ബന്ധുവും വെളിപ്പെടുത്തി.

Content Highlights: Father Beating Children in Kannur Cherupuzha

To advertise here,contact us