കോഴിക്കോട്: താമരശേരിയില് പത്താംക്ലാസ് വിദ്യാര്ത്ഥിയായ ഷഹബാസ് കൊല്ലപ്പെട്ട കേസില് കുറ്റപത്രം സമര്പ്പിച്ചു. ജുവനൈല് ജസ്റ്റിസ് ബോര്ഡിലാണ് പൊലീസ് കുറ്റപത്രം സമര്പ്പിച്ചത്. തിങ്കളാഴ്ച്ച പ്രതികളുടെ ജാമ്യ ഹര്ജിയില് വിധി പറയാനിരിക്കെയാണ് കുറ്റപത്രം സമര്പ്പിച്ചിരിക്കുന്നത്.
കേസില് ഹര്ജിക്കാരുടെയും മറ്റ് കക്ഷികളുടെയും പ്രധാന വാദങ്ങള് പൂര്ത്തിയായെങ്കിലും നിയമപ്രശ്നങ്ങളില് കൂടുതല് വ്യക്തത വരുത്താനായി ജസ്റ്റിസ് ബെച്ചു കുര്യന് തോമസ് ഹര്ജി മാറ്റുകയായിരുന്നു. പ്രതികളെ ജാമ്യത്തില് വിട്ടാല് ക്രമസമാധാന പ്രശ്നങ്ങളുണ്ടാകുമെന്നും പ്രതികളായ വിദ്യാര്ത്ഥികളുടെ തന്നെ ജീവന് അപകടത്തിലാകുമെന്നും ചൂണ്ടിക്കാട്ടി ഹൈക്കോടതി നേരത്തെ ഇവര്ക്ക് ജാമ്യം നിഷേധിച്ചിരുന്നു.
കഴിഞ്ഞ ദിവസം പ്രതികളായ വിദ്യാർത്ഥികളുടെ പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചിരുന്നു. ഹൈക്കോടതിയുടെ നിര്ദ്ദേശപ്രകാരമാണ് ആറ് വിദ്യാര്ത്ഥികളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചത്. കുറ്റകൃത്യവും പരീക്ഷാഫലവും തമ്മില് ബന്ധമില്ലല്ലോ എന്നും കോടതി ചോദിച്ചിരുന്നു. വിദ്യാര്ത്ഥികള്ക്ക് തുടര് പഠനത്തിന് അവസരം ലഭിക്കും.
ട്യൂഷന് സെന്ററിലുണ്ടായ പ്രശ്നത്തിനു പിന്നാലെ ഉണ്ടായ സംഘർഷത്തിലാണ് പതിനഞ്ചുകാരനായ ഷഹബാസിന് ജീവന് നഷ്ടമായത്. സംഘർഷത്തില് ഷഹബാസിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. കോഴിക്കോട് മെഡിക്കല് കോളേജ് ആശുപത്രിയില് ചികിത്സയിലിരിക്കെയായിരുന്നു ഷഹബാസിന്റെ മരണം. ആന്തരിക രക്തസ്രാവമായിരുന്നു മരണകാരണം.
Content Highlights: Chargesheet filed in Shahabas murder case thamarassery