കണ്ണൂരിൽ മകൾക്ക് പിതാവിന്റെ ക്രൂരമർദ്ദനമേറ്റ സംഭവം; അമ്മയുടെ പരാതിയിൽ പൊലീസ് കേസെടുക്കും

കുട്ടിയുടെ അമ്മ നൽകിയ പരാതിയിലാണ് കേസെടുക്കുക

കണ്ണൂർ: ചെറുപുഴയില്‍ മകളെ പിതാവ് ക്രൂരമായി മർദിച്ച സംഭവത്തിൽ പൊലീസ് കേസെടുക്കും. കുട്ടിയുടെ അമ്മ നൽകിയ പരാതിയിലാണ് കേസെടുക്കുക. പിതാവിൻ്റെ മൊഴി രേഖപ്പെടുത്തിയാൽ ഉടൻ എഫ്‌ഐആർ രജിസ്റ്റർ ചെയ്യും. സ്വന്തം മകളെ അച്ഛൻ ക്രൂരമായി മർദിക്കുന്ന ഹൃദയഭേദകമായ ദൃശ്യങ്ങൾ അടങ്ങിയ വാർത്ത റിപ്പോർട്ടർ ടിവിയാണ് ആദ്യം പുറത്തുവിട്ടത്. മകളെ മുടിക്ക് പിടിക്കുകയും നിലത്തേക്ക് വലിച്ചിട്ട് അരിവാളിന് വെട്ടാനോങ്ങുന്നതും ദൃശ്യങ്ങളിൽ കാണാം. തല്ലരുതെന്ന് കുഞ്ഞ് ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നതും വീഡിയോയില്‍ കേള്‍ക്കാം. മാറി താമസിക്കുന്ന അമ്മയെ തിരികെ കൊണ്ടുവരാനുള്ള പ്രാങ്ക് വീഡിയോ ആണെന്നായിരുന്നു പിതാവിന്റെ വിശദീകരണം. ഇത് വിശ്വസിച്ച് പൊലീസ് ആദ്യം കേസെടുത്തിരുന്നില്ല.

എന്നാൽ കുട്ടിയെ അച്ഛൻ മർദ്ദിക്കുന്ന ദൃശ്യങ്ങൾ റിപ്പോർട്ടർ ടിവി പുറത്ത് വിട്ടിരുന്നു. ഇതോടെ സംഭവത്തിൽ കേസെടുക്കാൻ പൊലീസ് മടിക്കുന്നതിനെതിരെ വ്യാപക വിമർശനം ഉയരുന്നതിനിടെയാണ് കേസെടുക്കാനുള്ള പൊലീസ് നീക്കം ഉണ്ടാകുന്നത്.

മാമച്ചന്‍ എന്ന ജോസ് ആണ് മകളെ ക്രൂരമായി മര്‍ദിക്കുന്നത്. കാസര്‍കോട് ചിറ്റാരിക്കല്‍ സ്വദേശിയാണ് ജോസ്. കണ്ണൂരിലെ ചെറുപുഴയില്‍ വാടക വീടെടുത്ത് താമസിച്ചുവരികയാണ്.

ജോസ് മകളെ ഉപദ്രവിച്ചെന്ന് ബന്ധു റിപ്പോർട്ടറിനോട് പറഞ്ഞിരുന്നു. കുഞ്ഞിനെ ഇന്നലെ ഫോണിൽ വിളിച്ചിരുന്നു. അമ്മയെ കാണണം എന്ന് ആവശ്യപ്പെടുന്നുണ്ട്. എന്നാൽ കാണാൻ അമ്മയ്ക്ക് താൽപര്യമില്ല. ക്രൂരതയാണ് പിതാവ് കാണിച്ചത്. ഇതൊന്നും തമാശയല്ലെന്നും ബന്ധു റിപ്പോർട്ടറിനോട് പറഞ്ഞു. ജോസ് മുമ്പും മക്കളെ ഉപദ്രവിച്ചിട്ടുണ്ടെന്ന് മറ്റൊരു ബന്ധുവും വെളിപ്പെടുത്തിയിരുന്നു.

Content Highlights: case to be registered against father for assaulting daughter

To advertise here,contact us