ഇടുക്കി ഡിസിസി മുന്‍ ജനറല്‍ സെക്രട്ടറി ബെന്നി പെരുവന്താനം ബിജെപിയില്‍ ചേര്‍ന്നു

ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അംഗത്വം നല്‍കി

ഇടുക്കി: ഡിസിസി മുന്‍ ജനറല്‍ സെക്രട്ടറി ബെന്നി പെരുവന്താനം ബിജെപിയില്‍ ചേര്‍ന്നു. കട്ടപ്പനയില്‍ ബിജെപി ഇടുക്കി സൗത്ത് സംഘടനാ ജില്ലയുടെ വികസിത കേരളം കണ്‍വെന്‍ഷനിലാണ് ബെന്നി ബിജെപി അംഗത്വം സ്വീകരിച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അംഗത്വം നല്‍കി.

വഖഫ് വിഷയത്തില്‍ കോണ്‍ഗ്രസ് എടുത്ത നിലപാടുകളില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി വിട്ടതെന്ന് ബെന്നി പെരുവന്താനം പ്രതികരിച്ചു. വഖഫ് ഭേദഗതി ബില്ലിനെ എതിര്‍ക്കുന്ന കോണ്‍ഗ്രസിന്റെ നിലപാടില്‍ പ്രതിഷേധിച്ച് കഴിഞ്ഞ മാസമാണ് ബെന്നി പെരുവന്താനം കോണ്‍ഗ്രസ് പാര്‍ട്ടിയില്‍നിന്നും രാജിവെച്ചത്.

ഏതാനും നാളുകളായി കോണ്‍ഗ്രസ് പിന്തുടരുന്നത് ക്രിസ്ത്യന്‍ വിരുദ്ധ നിലപാടാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. വഖഫ് വിഷയത്തില്‍ കോണ്‍ഗ്രസ് കൃത്യമായ നിലപാട് പറയുന്നില്ല. കോണ്‍ഗ്രസ് എംപിമാര്‍ക്ക് കേരളത്തിലും കേന്ദ്രത്തിലും രണ്ട് നിലപാടാണ്. വഖഫ് ബില്ലിനെ കോണ്‍ഗ്രസ് എതിര്‍ക്കാന്‍ പാടില്ല. ലോക്സഭയില്‍ സംസാരിക്കാതിരുന്ന രാഹുല്‍ ഗാന്ധിയുടെയും ബില്ല് പരിഗണിച്ചപ്പോള്‍ സഭയില്‍ എത്താതിരുന്ന പ്രിയങ്ക ഗാന്ധിയുടെയും നിലപാട് പ്രതിഷേധാര്‍ഹമാണെന്നും ബെന്നി രാജിവെച്ചതിന് ശേഷം പറഞ്ഞിരുന്നു.

അതേസമയം 2004 മുതല്‍ 2014 വരെ കോണ്‍ഗ്രസ് രാജ്യം ഭരിച്ചപ്പോള്‍ സ്വതന്ത്ര ഇന്ത്യ കണ്ടിട്ടില്ലാത്ത വിലക്കയറ്റം, തൊഴിലില്ലായ്മ, പല രംഗത്തും അഴിമതിയുമാണ് ഉണ്ടായതെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. മലയോര ജനതയെ സംസ്ഥാന സര്‍ക്കാര്‍ ശത്രുക്കളായാണ് കാണുന്നതെന്നും ആര്‍ക്ക് വേണ്ടിയാണ് ഇപ്പോള്‍ വാര്‍ഷികാഘോഷം നടത്തുന്നതെന്നും അദ്ദേഹം ചോദിച്ചു.

Content Highlights: Benni Peruvanthanam joined BJP

To advertise here,contact us