പത്തനംതിട്ട: പത്തനംതിട്ട കടമ്മനിട്ടയില് 17 കാരിയെ പെട്രോള് ഒഴിച്ച് തീ കൊളുത്തിയ കേസില് പ്രതി സജിലിന് ജീവപര്യന്തം. പത്തംതിട്ട അഡീഷണല് ജില്ലാ കോടതി ഒന്നാണ് കേസില് വിധി പറഞ്ഞത്.
2017 ജൂലൈ 14 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ശാരിക എന്ന പെൺകുട്ടിയേയായിരുന്നു ഇയാൾ ക്രൂരമായി കൊലപ്പെടുത്തിയത്. സംഭവ ദിവസം മുത്തച്ഛന്റെ വീട്ടിലായിരുന്നു ശാരിക. വൈകിട്ട് ആറരയോടെ പ്രതി സജിന് പെട്രോളുമായി പെണ്കുട്ടി ഉണ്ടായിരുന്ന മുത്തച്ഛന്റെ വീട്ടിലേക്ക് എത്തി. വീട്ടില് വൈദ്യുതി കണക്ഷന് ഉണ്ടായിരുന്നില്ല. വീടിന്റെ മുന്ഭാഗത്ത് മെഴുകുതിരി കത്തിച്ചുവെച്ചിരുന്നു. ശാരികയുടെ ദേഹത്തേക്ക് പെട്രോള് ഒഴിച്ച ശേഷം മെഴുകുതിരി സജിന് ശാരികയുടെ ദേഹത്തേയ്ക്ക് ഇടുകയായിരുന്നു.
അറുപത് ശതമാനത്തിലധികം പൊള്ളലേറ്റ ശാരികയെ ആദ്യം പത്തനംതിട്ട ജനറല് ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല് കോളേജ് ആശുപത്രിയിലേക്കും മാറ്റി. വിദഗ്ധ ചികിത്സയ്ക്കായി പിന്നീട് ഹെലികോപ്റ്റര് മാര്ഗ്ഗം കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ജൂലൈ 22ന് മരണം സംഭവിച്ചു. സജിനാണ് തീ കൊളുത്തിയതെന്ന് ശാരിക മരണമൊഴി നല്കിയിരുന്നു. കോടതിയില് ഈ തെളിവ് നിര്ണായകമായി. കൂടാതെ പ്രതി സജിന് മുപ്പത് ശതമാനത്തോളം പൊള്ളലേറ്റിരുന്നു. തീ കൊളുത്തിയ ശേഷം പ്രതി ഓടി രക്ഷപ്പെടുന്നതിന് സാക്ഷികള് ഉണ്ടായിരുന്നു. കൂടെ വരണം എന്ന ആവശ്യം പെണ്കുട്ടി നിരാകരിച്ചതിനെ തുടര്ന്നാണ് പ്രതി പെണ്കുട്ടിയെ തീ കൊളുത്തിയത്. സജിനിന്റെ നിരന്തരമായ ഉപദ്രവം മൂലമാണ് സ്വന്തം വീടിന്റെ സമീപത്തുള്ള മുത്തച്ഛന്റെ വീട്ടിലേക്ക് ശാരിക പോയത്.
Content Highlights- Pathanamthitta incident: Accused Sajil gets life imprisonment for setting a 17-year-old girl on fire by pouring petrol on her