വിജിലന്‍സ് കേസ്: ഇ ഡി അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍ കുമാര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യം തേടി

കേസില്‍ അറസ്റ്റിലായ ഇടനിലക്കാരുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് മുന്‍കൂര്‍ ജാമ്യത്തില്‍ പറയുന്നു

കൊച്ചി: വിജിലന്‍സ് കേസില്‍ പ്രതിയായ ഇ ഡി അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍ കുമാര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യം തേടി. നിരപരാധിയെന്നും ഗൂഢ ഉദ്ദേശത്തോടെയാണ് ആരോപണങ്ങളെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ശേഖര്‍ കുമാര്‍ അറിയിച്ചു. കേസില്‍ അറസ്റ്റിലായ ഇടനിലക്കാരുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും മുന്‍കൂര്‍ ജാമ്യത്തില്‍ പറയുന്നു.

ഇ ഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ നിന്നും രക്ഷപ്പെടാനാണ് പരാതിക്കാരന്‍ ആരോപണങ്ങള്‍ ഉന്നയിച്ചത്. നിരന്തരം നിയമത്തില്‍ നിന്നും ഒളിച്ചോടുന്ന വ്യക്തിയാണ് പരാതിക്കാരനെന്നും അദ്ദേഹം പറഞ്ഞു. തന്നെ കുറ്റകൃത്യവുമായി ബന്ധിപ്പിക്കാന്‍ തെളിവുകളില്ല. വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസിന് തെളിവുകളുടെ പിന്തുണയില്ലെന്നും ശേഖര്‍ കുമാര്‍ പറഞ്ഞു. വിജിലന്‍സ് കേസിലെ പരാതിക്കാരനുമായി ഒരു ബന്ധവുമില്ലെന്നും അദ്ദേഹം മുന്‍കൂര്‍ ജാമ്യത്തില്‍ പറയുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഉച്ചയ്ക്ക് ശേഷം പരിഗണിക്കും.

അതേസമയം കേസിലെ രണ്ടാം പ്രതി വില്‍സണ്‍ വര്‍ഗീസും പരാതിക്കാരനും തമ്മിലുളള ശബ്ദസംഭാഷണം റിപ്പോര്‍ട്ടറിന് ലഭിച്ചു. 30 ലക്ഷം രൂപ അഡ്വാന്‍സ് ആയി നല്‍കിയാല്‍ കേസ് ഒതുക്കി തീര്‍ക്കാമെന്ന് വില്‍സണ്‍ പറയുന്ന ഓഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. 30 ലക്ഷം നല്‍കിയാല്‍ പിന്നെ ഇ ഡിയില്‍ നിന്ന് ഒരു ബുദ്ധിമുട്ടുമുണ്ടാകില്ലെന്നും താന്‍ മറിച്ച് പറഞ്ഞാല്‍ അവര്‍ താങ്കളെ പൂട്ടിക്കളയും എന്നുമാണ് വില്‍സണ്‍ പറയുന്നത്. പല കേസുകളിലും താന്‍ ഇ ഡിക്കുവേണ്ടി ഇടനിലക്കാരനായിട്ടുണ്ടെന്നും ആദായവകുപ്പുമായും തനിക്ക് നല്ല ബന്ധമാണെന്നും ഇയാള്‍ പറയുന്നുണ്ട്. ഇ ഡി സമന്‍സ് അയച്ചതിനു പിന്നാലെയായിരുന്നു ഇരുവരും തമ്മിലുളള സംഭാഷണം.

Content Highlights: Vigilance case ED Assistant Director Shekhar Kumar seeks anticipatory bail in High Court

To advertise here,contact us