നീ എന്ന് ചാകും?എനിക്ക് നിന്നെ വേണ്ട,നീ പോയി ചാകണം: ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ സുകാന്തുമായുള്ള ചാറ്റ് പുറത്ത്

നിർണായക തെളിവായി ടെലഗ്രാം ചാറ്റാണ് പുറത്ത് വന്നിരിക്കുന്നത്

തിരുവനന്തപുരം: തിരുവനന്തപുരത്തെ ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ പ്രതി സുകാന്തിനെതിരെ കൂുടുതൽ തെളിവുകൾ കണ്ടെത്തി പൊലീസ്. സുകാന്തും ഐബി ഉദ്യോഗസ്ഥയും തമ്മിലുള്ള ടെലഗ്രാം ചാറ്റാണ് പൊലീസ് വീണ്ടെടുത്തിരിക്കുന്നത്. യുവതിയെ ആത്മഹത്യയിലേക്ക് തള്ളിവിട്ടത് സുകാന്താണെന്നതിന്റെ ശക്തമായ തെളിവുകളാണ് ഈ ചാറ്റില്‍ നിന്ന് പൊലീസിന് ലഭിച്ചത്. ടെലഗ്രാമിൽ നടത്തിയ ചാറ്റിൽ ഐബി ഉദ്യോഗസ്ഥയോട് 'പോയി ചാവൂ' എന്ന് സുകാന്ത് ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നാണ് നീ മരിക്കുകയെന്നും സുകാന്ത് യുവതിയോട് ചോദിച്ചിരുന്നു. മറ്റൊരു യുവതിയെ വിവാഹം കഴിക്കാന്‍ ഒഴിഞ്ഞുപോകണമെന്നും ഇയാള്‍ യുവതിയോട് ചാറ്റില്‍ പറയുന്നുണ്ട്. യുവതിയും സുകാന്തും തമ്മിൽ ടെലഗ്രാമിൽ നടത്തിയ ചാറ്റിൻ്റെ ഏതാനും ഭാഗങ്ങൾ മാത്രമാണ് പൊലീസ് കണ്ടെടുത്തിട്ടുള്ളത്. ഇയാളുടെ ഫോൺ സുകാന്തിന്റെ ബന്ധുവിന്റെ ഉടമസ്ഥതയിലുള്ള ചാവക്കാട്ടെ വാടകമുറിയില്‍ന്നാണ് പൊലീസിന് ലഭിച്ചത്.

മാര്‍ച്ച് 24നാണ് പേട്ട റെയില്‍വേ സ്റ്റേഷന് സമീപം ഐബി ഉദ്യോഗസ്ഥയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിന് പിന്നാലെ ഐബി ഉദ്യോഗസ്ഥ ട്രാക്കിന് കുറുകേ കിടന്നതാണെന്ന് വ്യക്തമാക്കി ലോക്കോ പൈലറ്റ് രംഗത്തെത്തിയിരുന്നു. മരിക്കുന്നതിന് തൊട്ടുമുന്‍പ് ഐബി ഉദ്യോഗസ്ഥ സുകാന്തുമായി ഫോണില്‍ സംസാരിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു.

പെട്ടെന്നുള്ള പ്രകോപനമാണ് ആത്മഹത്യയ്ക്ക് കാരണമായതെന്നും മാനസികവും ശാരീരികവുമായി പ്രതി പെൺകുട്ടിയെ പീഡിപ്പിച്ചതിൻ്റെ തെളിവുകള്‍ ലഭിച്ചതായും പൊലീസ് പറഞ്ഞിരുന്നു. സംഭവത്തെത്തുടര്‍ന്ന് ഐബിയില്‍നിന്ന് സുകാന്തിനെ പിരിച്ചുവിട്ടിരുന്നു. സുകാന്തിനെതിരേ ആത്മഹത്യാപ്രേരണ ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് പോലീസ് ചുമത്തിയിരുന്നത്.

Content Highlights:Police find Telegram chat with Sukant in IB officer's death

To advertise here,contact us