കൊച്ചി: സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില് ദേശീയപാത ഇടിഞ്ഞുതാഴ്ന്ന സംഭവത്തില് ദേശീയ പാത അതോറിറ്റിക്കെതിരെ രൂക്ഷവിമര്ശനവുമായി ഹൈക്കോടതി. സംഭവിച്ച കാര്യങ്ങളില് കേരളത്തിന് സന്തോഷമില്ലെന്നും എന്താണ് സംഭവിച്ചതെന്നതില് ദേശീയ പാതാ അതോറിറ്റി ഇടക്കാല റിപ്പോര്ട്ട് നല്കണമെന്നും ഹൈക്കോടതി. ദേശീയപാതാ നിര്മ്മാണത്തില് വീഴ്ച സമ്മതിച്ച ദേശീയപാതാ അതോറിറ്റി തകര്ന്ന പാതകളില് ഘടനാപരമായ മാറ്റം വരുത്തുമെന്നും വിശദീകരിച്ചു.
മലബാര് മേഖലയില് ദേശീയപാത വ്യാപകമായി തകര്ന്ന സംഭവത്തിലാണ് ഹൈക്കോടതി സിംഗിള് ബെഞ്ചിന്റെ രൂക്ഷ വിമര്ശനം. എന്താണ് സംഭവിച്ചത് എന്നതില് ദേശീയപാതാ അതോറിറ്റി ഇടക്കാല റിപ്പോര്ട്ട് നല്കണം. കേരളത്തിലെ ജനങ്ങളുടെ ആശങ്ക പരിഹരിക്കണം. ജനങ്ങള് ക്ഷമയോടെ കാത്തിരുന്ന പാതയാണ് തകര്ന്നത്. നിര്മ്മാണത്തില് വിദ്ഗധരാണെന്ന് ദേശീയപാതാ അതോറിറ്റിക്ക് ഇപ്പോഴും വിശ്വാസമുണ്ടോയെന്നും ഹൈക്കോടതിയുടെ ചോദ്യം.
തകര്ന്ന ദേശീയപാതകളില് ഘടനാപരമായ മാറ്റം വരുത്തുമെന്ന് ദേശീയപാതാ അതോറിറ്റി ഹൈക്കോടതിയെ അറിയിച്ചു. തെറ്റായ കാര്യങ്ങള് സംഭവിച്ചു. ഉദ്യോഗസ്ഥര് സംഭവസ്ഥലങ്ങളിലാണെന്നും മറുപടി നല്കാന് സമയം വേണമെന്നും ദേശീയപാതാ അതോറിറ്റി. ദേശീയ പാത തകര്ന്ന ഇടങ്ങളിലെ കരാര് കമ്പനികള്ക്കെതിരെ നടപടിയെടുത്തു. നിര്മ്മാണ ചുമതലയുള്ള കണ്സ്ട്രക്ഷന് കമ്പനിയെ കരിമ്പട്ടികയില്പ്പെടുത്തിയെന്നും ദേശീയപാത അതോറിറ്റിയുടെ പ്രാഥമിക മറുപടി. ദേശീയപാതാ അതോറിറ്റിയുടെ ഇടക്കാല റിപ്പോര്ട്ടിനായി ഹര്ജി ഹൈക്കോടതി അടുത്ത വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.
Content Highlights: National Highway collapse kerala high court seeks Report from NHAI