സിപിഐഎം നാട് കൊള്ളയടിക്കുന്നു, നേതാക്കൾ ഖദർ ഇട്ട് നടന്നാൽ വിശപ്പ് മാറില്ല, ബിജെപി എന്നെ വളർത്തും: മറിയക്കുട്ടി

എനിക്ക് നല്ലത് ചെയ്യുന്നത് ആരാണ് അവര്‍ക്കൊപ്പം നില്‍ക്കും എന്നും മറിയക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു

ഇടുക്കി: ബിജെപിയില്‍ അംഗത്വം എടുത്തതിന് പിന്നാലെ സിപിഐഎമ്മിനെ രൂക്ഷമായി വിമര്‍ശിച്ചും കോണ്‍ഗ്രസിനെ തള്ളിയും മറിയക്കുട്ടി. സിപിഐഎം നാട് കൊള്ളയടിക്കുകയും കൂട്ടിച്ചോറാക്കുകയുമാണെന്ന് മറിയക്കുട്ടി വിമര്‍ശിച്ചു. നേതാക്കള്‍ ഖദര്‍ ഇട്ട് നടന്നാല്‍ തങ്ങളുടെ വിശപ്പ് മാറില്ല. ഇവര്‍ പാവങ്ങളുടെ കാശും മേടിച്ച് കാറിലൊക്കെ കയറി നടക്കുമെന്നും മറിയക്കുട്ടി പറഞ്ഞു. ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതില്‍ ഭിക്ഷയെടുത്ത് പ്രതിഷേധിച്ചുകൊണ്ടായിരുന്നു മറിയക്കുട്ടി മാധ്യമശ്രദ്ധയിലേക്ക് വരുന്നത്.

'ഞാന്‍ ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും കൊടിപിടിക്കാന്‍ പോകുന്നുവെന്നാണ് പറയുന്നത്. എനിക്കെന്താ അതിനുള്ള സ്വാതന്ത്ര്യം ഇല്ലേ', എന്നും മറിയക്കുട്ടി ചോദിക്കുന്നു. കെപിസിസിയായിരുന്നു മറിയകുട്ടിയ്ക്ക് വീടുവെച്ചുനല്‍കിയത്. എന്നാല്‍ ഇക്കാര്യം നിഷേധിച്ചുകൊണ്ട് 'കെപിസിസി മാത്രമല്ലല്ലോ വീട് വെച്ചുതന്നത്. ഒരാള്‍ക്ക് അഞ്ചരലക്ഷം വെച്ചാ മുടക്കിയത്. എനിക്ക് നല്ലത് ചെയ്യുന്നത് ആരാണ് അവര്‍ക്കൊപ്പം നില്‍ക്കും', എന്നും മറിയക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

'ഏത് രാജ്യത്ത് ചെന്നാലും ബിജെപിക്കാര്‍ എന്നെ കാണാന്‍ ഓടിവരും. ഭക്ഷണം തരും. കോണ്‍ഗ്രസുകാര്‍ക്ക് വോട്ട് മതി. തുടര്‍ന്നും ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിക്കും. കോണ്‍ഗ്രസുകാര്‍ നടത്തിയ പല പരിപാടിക്കും എന്നെ വിളിച്ചില്ല. മഹിളാ സമാജത്തിന് വിളിച്ചില്ല. എന്നെ ബിജെപിക്കാര്‍ വലുതാക്കും', എന്നും മറിയക്കുട്ടി പ്രതികരിച്ചു.

വികസിത കേരളം കണ്‍വെന്‍ഷന്റെ ഭാഗമായി തൊടുപുഴയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ വെച്ചാണ് മറിയക്കുട്ടി ബിജെപി അംഗത്വം സ്വീകരിച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ മറിയക്കുട്ടിയെ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. മറിയക്കുട്ടിയെ ബിജെപിയിലേക്ക് സ്വാഗതം ചെയ്യാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് രാജീവ് ചന്ദ്രശേഖര്‍ പ്രതികരിച്ചു. പിണറായി വിജയന്‍ സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനെതിരെ പരസ്യമായി പ്രതിഷേധിച്ച ധീര വനിതയാണ് മറിയക്കുട്ടി. അവഗണിക്കപ്പെടുന്നവരും സാധാരണക്കാരുമായ ജനങ്ങള്‍ ആശ്രയവും പ്രതീക്ഷയുമായി കാണുന്നത് ബിജെപിയെ മാത്രമെന്നാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

Content Highlights: mariakutty against cpim and bjp after joined bjp

To advertise here,contact us