നാല് വയസുകാരിയെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവം: അമ്മയ്ക്ക് മാനസിക പ്രശ്‌നങ്ങളില്ലെന്ന് പൊലീസ്

അമ്മ കുട്ടികളെ കൊലപ്പെടുത്താന്‍ നേരത്തെ ശ്രമിച്ചിരുന്നുവെന്ന ആരോപണവും പൊലീസ് തള്ളി

കൊച്ചി: നാല് വയസുകാരിയെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ അമ്മയ്ക്ക് മാനസിക പ്രശ്‌നങ്ങളില്ലെന്ന് പൊലീസ്. അമ്മയ്ക്ക് ആത്മവിശ്വാസക്കുറവുണ്ടെന്ന് പൊലീസ് കണ്ടെത്തി. മക്കളുടെ കാര്യംപോലും നോക്കാന്‍ പ്രാപ്തിക്കുറവും അമ്മയ്ക്കുണ്ടെന്നാണ് കണ്ടെത്തല്‍. അമ്മ കുട്ടികളെ കൊലപ്പെടുത്താന്‍ നേരത്തെ ശ്രമിച്ചിരുന്നുവെന്ന ആരോപണവും പൊലീസ് തള്ളി.

കുട്ടിയെ പീഡിപ്പിക്കാന്‍ കൂട്ടുകുടുംബം പോലെ കഴിഞ്ഞ സാഹചര്യം പിതൃ സഹോദരന്‍ മുതലെടുക്കുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. അതേസമയം മകളുടെ പീഡന വിവരം തനിക്ക് അറിയില്ലായിരുന്നുവെന്ന് അമ്മ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഭര്‍ത്താവിന്റെ സഹോദരന്‍ കുട്ടിയെ പീഡിപ്പിച്ചതിനെ കുറിച്ച് അറിയില്ലെന്നും അമ്മ പറഞ്ഞു. ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് തന്നെ ഒറ്റപ്പെടുത്തിയിരുന്നുവെന്നും അമ്മ കൂട്ടിച്ചേര്‍ത്തു.

കുട്ടികളും തന്നെ ഒഴിവാക്കാന്‍ ശ്രമിച്ചിരുന്നുവെന്നും അതില്‍ താന്‍ വേദന അനുഭവിച്ചിരുന്നുവെന്നും അമ്മ വ്യക്തമാക്കി. അതിന്റെ പ്രതികാരമായിരുന്നു കൊലപാതകമെന്നും ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് മോശം അനുഭവം നേരിട്ടിരുന്നതായും അമ്മ മൊഴി നല്‍കി. കൊലപാതക കേസിലെ ചോദ്യം ചെയ്യലിനിടെയാണ് പീഡന വിവരത്തെ കുറിച്ച് അറിയില്ലെന്ന് അമ്മ മൊഴി നല്‍കിയത്.

പീഡനക്കേസില്‍ പിതൃ സഹോദരന് വേണ്ടി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കും. കുട്ടിയെ പീഡിപ്പിച്ചിരുന്നതായി ഇയാള്‍ പൊലീസിന് മുന്നില്‍ കുറ്റം സമ്മതിച്ചിരുന്നു. കുട്ടിയെ ഇയാള്‍ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നാണ് കണ്ടെത്തല്‍. കൊലപാതകത്തിന് പിന്നാലെ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിലായിരുന്നു നാല് വയസുകാരി ലൈംഗിക ചൂഷണത്തിനിരയായെന്നുള്ള സൂചനകള്‍ ഡോക്ടര്‍മാര്‍ക്ക് ലഭിച്ചത്.

സംശയകരമായ ചില മുറിവുകളും പാടുകളും കുഞ്ഞിന്റെ ശരീരത്തിലുണ്ടായിരുന്നതായി ഡോക്ടര്‍മാര്‍ പൊലീസിനോട് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ പുത്തന്‍കുരിശ് പൊലീസ് അന്വേഷണം നടത്തുകയും ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു. തുടര്‍ന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് ഇയാള്‍ കുറ്റംസമ്മതിച്ചത്.

മെയ് 19 തിങ്കളാഴ്ചയായിരുന്നു സംഭവങ്ങളുടെ തുടക്കം. അമ്മയ്‌ക്കൊപ്പമുണ്ടായിരുന്ന നാല് വയസുകാരിയെ കാണാതാകുകയായിരുന്നു. സംഭവം അറിഞ്ഞ കുട്ടിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ കുട്ടിയെ ആലുവയില്‍ ബസില്‍വെച്ച് കാണാതായി എന്നായിരുന്നു അമ്മ നല്‍കിയ മൊഴി.

ഇതിന് പിന്നാലെ പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തില്‍ കുട്ടിയുമായി പോകുന്ന അമ്മയുടെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. പിന്നീട് നടത്തിയ വിശദമായ ചോദ്യം ചെയ്യലില്‍ കുഞ്ഞിനെ മൂഴിക്കുളം പാലത്തിന് മുകളില്‍ നിന്ന് താഴേയ്ക്ക് എറിഞ്ഞതായി യുവതി പൊലീസിനോട് പറയുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മൂഴിക്കുളം പാലത്തിന് താഴെ നടത്തിയ തിരച്ചിലില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

Content Highlights: Child murder case police says mother has no mental issues

To advertise here,contact us