പൊതുശ്മശാനത്തിൽ 'ജാതി മതിൽ' പണിയാൻശ്രമം, നഗരസഭ അനുമതി നൽകിയെന്ന് വിമർശനം;റിപ്പോർട്ടർ വാര്‍ത്തയെ തുടർന്ന് നടപടി

പൊതുശ്മശാനത്തിലെ 20 സെന്റ് സ്ഥലമാണ് വലിയപാടം എന്‍എസ്എസ് കരയോഗം ഭാരവാഹികള്‍ മതില്‍കെട്ടി തിരിച്ചത്

പാലക്കാട്: പാലക്കാട് മാട്ടുമന്ത പൊതുശ്മശാനത്തില്‍ എന്‍എസ്എസ് ഭാരവാഹികള്‍ മതിലുകെട്ടിയ സംഭവത്തില്‍ ഇടപെട്ട് നഗരസഭ. മഴ കൊള്ളാതെ സംസ്‌കാര ചടങ്ങുകള്‍ നടത്താനുള്ള നിര്‍മ്മാണവും, മതില്‍ നിര്‍മാണവും നഗരസഭ ഏറ്റെടുത്തു. സ്‌പോണ്‍സര്‍ഷിപ്പോടുകൂടി പ്രവര്‍ത്തികള്‍ മുനിസിപ്പാലിറ്റി നടത്തുമെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരന്‍ റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചു.

ഷെഡ്ഡ് നിര്‍മ്മിക്കാന്‍ മുനിസിപ്പാലിറ്റി നല്‍കിയ 20 സെന്റ് സ്ഥലത്ത് അനധികൃതമായി എന്‍എസ്എസ് ഭാരവാഹികള്‍ മതില്‍ നിര്‍മിച്ചതിനെ കുറിച്ചുള്ള റിപ്പോര്‍ട്ടര്‍ വാര്‍ത്തയ്ക്ക് പിന്നാലെയാണ് ഇടപെടല്‍. പൊതുശ്മശാനത്തിലെ 20 സെന്റ് സ്ഥലമാണ് വലിയപാടം എന്‍എസ്എസ് കരയോഗം ഭാരവാഹികള്‍ മതില്‍കെട്ടി തിരിച്ചത്. നീക്കത്തിന് പിന്നില്‍ നഗരസഭയാണെന്ന് പൊതുപ്രവര്‍ത്തകന്‍ ബോബന്‍ മാട്ടുമന്ത ആരോപിച്ചിരുന്നു. 'ജാതിയുടെ അടയാളങ്ങളോ വേര്‍തിരിവുകളോ ഇല്ലാത്ത പൊതുശ്മശാനമാണ്. അവിടെയാണ് വിവിധ ജാതി മതവിഭാഗങ്ങള്‍ക്ക് സ്ഥലം മാര്‍ക്ക് ചെയ്തുകൊടുത്തത്. സമൂഹത്തില്‍ വേര്‍തിരിവ് ഉണ്ടാക്കാനാണ് ശ്രമം', എന്നായിരുന്നു ആരോപണം.

എന്നാല്‍ ശ്മശാനത്തില്‍ സാമൂഹിക വിരുദ്ധരുടെ ശല്യമാണെന്നും ഇതിനുള്ളില്‍ ഷെഡ് കെട്ടണമെന്ന് ആവശ്യപ്പെട്ടതോടെ കൗണ്‍സില്‍ അനുവദിച്ചു നല്‍കുകയായിരുന്നുവെന്നുമാണ് ചെയര്‍പേഴ്‌സണ്‍ പ്രതികരിച്ചത്. ഏത് സംഘടന വന്നാലും അനുമതി കൊടുക്കും. ജാതി പ്രശ്‌നമേയല്ല. എല്ലാവര്‍ക്കും വേണ്ടിയാണ് തങ്ങള്‍ ഷെഡ് കെട്ടുന്നതെന്ന് എന്‍എസ്എസ് അറിയിച്ചതുകൊണ്ടാണ് സ്ഥലം അനുവദിച്ചതെന്നും ചെയര്‍പേഴ്‌സണ്‍ പ്രതികരിച്ചു. എന്നാല്‍ നടപടി വിവാദമായ സാഹചര്യത്തില്‍ ഷെഡ് നിര്‍മ്മാണനടപടികള്‍ സ്‌പോണ്‍സര്‍ഷിപ്പോട് കൂടി നഗരസഭ ഏറ്റെടുക്കാനാണ് തീരുമാനം.

Content Highlights: attempt to build wall at a public cemetery palakkad mattumantha

To advertise here,contact us