കൊച്ചി: കേസ് ഒതുക്കി തീർക്കാൻ കശുവണ്ടി വ്യവസായിയിൽ നിന്ന് രണ്ടുകോടി രൂപ കൈക്കൂലി ആവശ്യപ്പെട്ട ഇ ഡി ഉദ്യോഗസ്ഥന് പ്രതിയായ വിജിലന്സ് കേസില് മൂന്ന് പ്രതികൾക്ക് ജാമ്യം അനുവദിച്ചു. കൊച്ചി തമ്മനം സ്വദേശി വിൽസൺ വർഗീസ്, രാജസ്ഥാൻ സ്വദേശി മുരളി മുകേഷ്, ചാർട്ടേഡ് അക്കൗണ്ടൻ്റ് രഞ്ജിത്ത് വാര്യർ എന്നിവർക്കാണ് മൂവാറ്റുപുഴ വിജിലൻസ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. പ്രതികളെ വീണ്ടും കസ്റ്റഡിയിൽ വേണമെന്ന വിജിലൻസിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല.
അടുത്ത ഏഴ് ദിവസം പ്രതികൾ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണമെന്നാണ് നിർദേശം. കൊല്ലത്തെ കശുവണ്ടി വ്യവസായിയുടെ പേരിലുളള കേസ് ഒഴിവാക്കാന് രണ്ടുകോടി രൂപ കൈക്കൂലി ആവശ്യപ്പെട്ട സംഭവവുമായി ബന്ധപ്പെട്ടാണ് പ്രതികൾക്കെതിരെ വിജിലൻസ് കേസെടുത്ത. ഇ ഡി കൊച്ചി യൂണിറ്റ് അസിസ്റ്റന്റ് ഡയറക്ടര് ശേഖര്കുമാറാണ് കേസിലെ ഒന്നാം പ്രതി.
കൈക്കൂലിയായി രണ്ടുലക്ഷം രൂപ കൈപ്പറ്റുന്നതിനിടെയായിരുന്നു പ്രതികളായ വിൽസൻ വർഗീസ്, മുരളി മുകേഷ് എന്നിവരെ അറസ്റ്റ് ചെയ്തത്. ഇവരെ ചോദ്യംചെയ്തതിൽ നിന്നാണ് ഉന്നത ഉദ്യോഗസ്ഥൻ്റെ പങ്കിലേയ്ക്ക് അന്വേഷണമെത്തിയത്. അറസ്റ്റിലായ തമ്മനം വട്ടതുണ്ടിയില് വില്സണ് രണ്ടാം പ്രതിയും രാജസ്ഥാന് തക്കത് ഖര് സ്വദേശി മുകേഷ് കുമാര് മൂന്നാം പ്രതിയുമാണ്. ഇടനിലക്കാരനെന്ന് കണ്ടെത്തിയ കൊച്ചി വാരിയം റോഡില് താമസിക്കുന്ന ചാര്ട്ടേഡ് അക്കൗണ്ടന്റ് രഞ്ജിത്ത് കേസിലെ നാലാം പ്രതിയുമാണ്.
Content highlights: Vigilance case against ED officer; All three accused granted bail