'വയല്‍ക്കിളികള്‍ വഞ്ചിക്കപ്പെട്ടു; ദേശീയപാത നിർമ്മാണത്തിൽ അട്ടിമറി നടന്നു, അന്വേഷണം വേണം'; സുരേഷ് ഗോപി

താൻ കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിധിന്‍ ഗഡ്കരിയോട് വിഷയത്തെ പറ്റി സംസാരിച്ചിട്ടുണ്ടെന്നും സുരേഷ് ഗോപി വ്യക്തമാക്കി

തിരുവനന്തപുരം: മലപ്പുറം കൂരിയാട് ദേശീയ പാത ഇടിഞ്ഞുതാഴ്ന്ന സംഭവത്തിൽ ഗുരുതര ആരോപണവുമായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ദേശീയപാതയുടെ നിർമ്മാണത്തിനായി നൽകിയ ഡിപിആറു (ഡിറ്റേയൽഡ് പ്രൊജക്ട് റിപ്പോർട്ട്)കളിൽ അട്ടിമറി നടന്നിട്ടുണ്ടെന്ന് സുരേഷ് ഗോപി ആരോപിച്ചു. ഡിപിആർ അട്ടിമറിച്ചത് എന്തിന് വേണ്ടിയാണെന്ന് കണ്ടെത്തണം. അതിൽ അന്വേഷണം നടക്കണം. ഇത് ആർക്ക് വേണ്ടിയാണെന്ന് കണ്ടെത്തണം. അട്ടിമറിയുണ്ടായതിന് പിന്നിൽ ചില ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ട്. പ്രീണനത്തിന്റെ ഭാഗമായി ചില മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും വയല്‍ക്കിളികള്‍ വഞ്ചിക്കപ്പെട്ടെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു.

വിഷയത്തിൽ കരാറുകാരെ മാത്രം കുറ്റപ്പെടുത്താനാകില്ലായെന്നും താൻ കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിധിന്‍ ഗഡ്കരിയോട് വിഷയത്തെ പറ്റി സംസാരിച്ചിട്ടുണ്ടെന്നും സുരേഷ് ഗോപി വ്യക്തമാക്കി. തിങ്കളാഴ്ചയായിരുന്നു മലപ്പുറം കൂരിയാട് ദേശീയപാത ഇടിഞ്ഞ് സര്‍വ്വീസ് റോഡിലേക്ക് പതിച്ചത്. അപകടത്തില്‍ പരിക്കേറ്റ യാത്രക്കാര്‍ ചികിത്സയിലാണ്. പിന്നാലെ നിര്‍മ്മാണ കരാര്‍ കമ്പനിയായ കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍സിനെ ഡീബാര്‍ ചെയ്തു. കേന്ദ്ര ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലയത്തിന്റേതാണ് നടപടി. പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തത്. കൂടുതല്‍ കരാര്‍ കമ്പനിക്കെതിരെ നടപടിയുണ്ടായേക്കുമെന്നാണ് വിവരം.

കഴിഞ്ഞ ദിവസം ഡല്‍ഹി ഐഐടി പ്രൊഫസര്‍ ജി വി റാവു മേല്‍നോട്ടം വഹിച്ച രണ്ടംഗ അന്വേഷണസംഘം പ്രദേശത്തെത്തി സ്ഥിതിഗതികൾ നിരീക്ഷിച്ചു . നിര്‍മ്മാണ ചുമതല കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍സിനും കണ്‍സള്‍ട്ടന്‍സി എച്ച്ഇസി എന്ന കമ്പനിക്കുമാണ്. കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താതിരിക്കാന്‍ കമ്പനികളില്‍ നിന്നും കേന്ദ്രം വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. പ്രൊജക്ട് മാനേജര്‍ അമര്‍നാഥ് റെഡ്ഡി, കണ്‍സള്‍ട്ടന്റ് ടീം ലീഡര്‍ രാജ്കുമാര്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

അതേ സമയം, സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ദേശീയപാതയിൽ വിള്ളലും മണ്ണിടിച്ചിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മലപ്പുറം, തൃശൂർ, കാസർകോട്, കണ്ണൂർ എന്നിവിടങ്ങളിലാണ് ദേശീയപാതയിൽ വ്യാപക വിള്ളലും മണ്ണിടിച്ചിലും കണ്ടെത്തിയത്. മലപ്പുറത്ത് എടരിക്കോട് മമ്മാലിപ്പടിയിലാണ് ദേശീയപാതയിൽ വിള്ളൽ കണ്ടെത്തിയത്.

തൃശൂർ ചാവക്കാട് നിർമാണം പുരോഗമിക്കുന്ന മണത്തല പ്രദേശത്താണ് മേൽപ്പാലത്തിന് മുകളിൽ വിള്ളൽ കണ്ടെത്തിയത്. ടാറിങ് പൂർത്തിയായ റോഡിൽ അമ്പത് മീറ്ററിലേറെ നീളത്തിലാണ് വിള്ളൽ. ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ വിള്ളൽ കണ്ടെത്തിയ ഭാഗം അധികൃതർ ടാറിട്ട് മൂടി. ഇതിനെതിരെ പ്രദേശവാസികൾ രംഗത്തെത്തി. അശാസ്ത്രീയമായ രീതിയിലാണ് റോഡ് നിർമാണമെന്ന് പ്രദേശവാസികൾ ആരോപിച്ചു. ടാറിട്ട് മൂടുകയല്ല വേണ്ടതെന്നും സ്ഥിരം പരിഹാരമാണ് വേണ്ടതെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.

കാസർകോട് ദേശീയപാത നിർമാണം നടക്കുന്ന മാവുങ്കാൽ കല്യാൺ റോഡിന് സമീപമാണ് വിള്ളൽ കണ്ടെത്തിയത്. 53 മീറ്റർ നീളത്തിലും 4.10 മീറ്റർ വീതിയിലുമാണ് വിള്ളൽ രൂപപ്പെട്ടത്. വിള്ളൽ കണ്ടതിൻ്റെ അടിസ്ഥാനത്തിൽ സ്ഥലത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. ഇതിന് നൂറ് മീറ്റർ ദൂരം മാറി മറ്റൊരു ഭാഗത്തും വിള്ളൽ രൂപപ്പെട്ടിട്ടുണ്ട്.

കണ്ണൂരിൽ ദേശീയപാതയ്ക്ക് സമീപം വ്യാപക മണ്ണിടിച്ചിലെന്ന് ആരോപിച്ച് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. തളിപ്പറമ്പ് കുപ്പത്താണ് സംഭവം. ദേശീയപാതയിൽ നിന്നുള്ള മണ്ണ് വീടുകളിലേക്ക് വ്യാപകമായി എത്തുന്നുവെന്നാണ് നാട്ടുകാരുടെ ആരോപണം. സ്ത്രീകൾ ഉൾപ്പെടെയുള്ളവർ ദേശീയപാത ഉപരോധിച്ച് പ്രതിഷേധിച്ചു. ആർടിഒ അടക്കം വിഷയത്തിൽ ഇടപെട്ടതോടെയാണ് നാട്ടുകാർ ഉപരോധം അവസാനിപ്പിച്ചത്. മണ്ണിടിച്ചിലിൽ കൃത്യമായ പരിഹാരം ഉണ്ടാകുന്നതുവരെ പ്രതിഷേധം തുടരുമെന്ന് നാട്ടുകാർ പ്രതികരിച്ചു.

Content Highlights- 'The field crickets were cheated; there was sabotage in the construction of the national highway, an investigation is needed'; Suresh Gopi

To advertise here,contact us