നാല് വയസുകാരി ലൈംഗിക ചൂഷണത്തിനിരയായ സംഭവം; കുട്ടിയുടെ അച്ഛന്റെ അടുത്ത ബന്ധു കുറ്റം സമ്മതിച്ചു; അറസ്റ്റില്‍

കുട്ടിയെ ഇയാൾ നിരന്തരം പീഡിപ്പിച്ചിരുന്നതായാണ് വിവരം

കൊച്ചി: തിരുവാങ്കുളത്ത് കൊല്ലപ്പെട്ട നാല് വയസുകാരി ലൈംഗിക ചൂഷണത്തിനിരയായ സംഭവത്തില്‍ കുട്ടിയുടെ അച്ഛന്റെ അടുത്ത ബന്ധു കുറ്റം സമ്മതിച്ചു. ഇന്നലെ നടത്തിയ ചോദ്യം ചെയ്യലിലാണ് ഇയാള്‍ കുറ്റം സമ്മതിച്ചത്. തുടർന്ന് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി.

കുട്ടിയെ ഇയാൾ നിരന്തരം പീഡിപ്പിച്ചിരുന്നതായാണ് വിവരം. ചില ദിവസങ്ങളില്‍ കുട്ടി ഇയാള്‍ക്കൊപ്പമാണ് കിടന്നുറങ്ങിയിരുന്നതെന്നുള്ള വിവരവും പുറത്തുവരുന്നുണ്ട്. കുട്ടിയെ ഇയാള്‍ ലൈംഗിക ചൂഷണത്തിനിരയാക്കിയിരുന്ന കാര്യം അമ്മ അറിഞ്ഞിരുന്നുവെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. ഇക്കാര്യങ്ങളില്‍ അടക്കം വ്യക്തത വരേണ്ടതുണ്ട്. കുട്ടിയുടെ അമ്മയെ പൊലീസ് വിശദമായി ചോദ്യം ചെയ്യും.

കഴിഞ്ഞ ദിവസം നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിലായിരുന്നു നാല് വയസുകാരി ലൈംഗിക ചൂഷണത്തിനിരയായെന്നുള്ള സൂചനകള്‍ ഡോക്ടര്‍മാര്‍ക്ക് ലഭിച്ചത്. സംശയകരമായ ചില മുറിവുകളും പാടുകളും കുഞ്ഞിന്റെ ശരീരത്തിലുണ്ടായിരുന്നതായി ഡോക്ടര്‍മാര്‍ പൊലീസിനോട് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ പുത്തന്‍കുരിശ് പൊലീസ് അന്വേഷണം നടത്തുകയും കുഞ്ഞിന്റെ അച്ഛന്റെ അടുത്ത ബന്ധുവിനെ കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു. തുടര്‍ന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് ഇയാള്‍ കുറ്റംസമ്മതിച്ചത്.

അതിനിടെ കുഞ്ഞ് ലൈംഗിക ചൂഷണത്തിനിരയായതായി അറിയില്ലെന്ന് കുഞ്ഞ് പഠിച്ചിരുന്ന അങ്കണവാടിയിലെ വര്‍ക്കര്‍ പറഞ്ഞു. കുട്ടിക്ക് കുടുംബാംഗങ്ങളില്‍ നിന്ന് മോശം പെരുമാറ്റം നേരിടേണ്ടതായി വന്നതായി അറിയില്ല. കുട്ടിയില്‍ അസ്വാഭാവികമായി ഒന്നും കണ്ടിരുന്നിലെന്നും അങ്കണവാടി വര്‍ക്കര്‍ പറഞ്ഞു.

മെയ് 19 തിങ്കളാഴ്ചയായിരുന്നു സംഭവങ്ങളുടെ തുടക്കം. അമ്മയ്‌ക്കൊപ്പമുണ്ടായിരുന്ന നാല് വയസുകാരിയെ കാണാതാകുകയായിരുന്നു. സംഭവം അറിഞ്ഞ കുട്ടിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ കുട്ടിയെ ആലുവയില്‍ ബസിൽവെച്ച് കാണാതായി എന്നായിരുന്നു അമ്മ നല്‍കിയ മൊഴി. ഇതിന് പിന്നാലെ പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തില്‍ കുട്ടിയുമായി പോകുന്ന അമ്മയുടെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. പിന്നീട് നടത്തിയ വിശദമായ ചോദ്യം ചെയ്യലില്‍ കുഞ്ഞിനെ മൂഴിക്കുളം പാലത്തിന് മുകളില്‍ നിന്ന് താഴേയ്ക്ക് എറിഞ്ഞതായി യുവതി പൊലീസിനോട് പറയുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മൂഴിക്കുളം പാലത്തിന് താഴെ നടത്തിയ തിരച്ചിലില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

Content Highlights- Relative of father arrested for sexually abused four years old child in Thiruvankulam

To advertise here,contact us