'റീല്‍സ് തുടരും, വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതും തുടരും'; മുഹമ്മദ് റിയാസ്

കേരള സര്‍ക്കാരിന്റെ റോള്‍ ജനം മനസിലാക്കിയിട്ടുണ്ടെന്നും ദേശീയപാത വികസനത്തിലെ കേരളത്തിന്റെ റോള്‍ തന്‌റെ റീലുകളിലൂടെ പറഞ്ഞുകൊണ്ടേയിരിക്കും എന്നും മുഹമ്മദ് റിയാസ്

തിരുവനന്തപുരം: സംസ്ഥാനത്തെ ദേശീയപാത മണ്ണിടിച്ചിലില്‍ വീണ്ടും പ്രതികരണവുമായി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. ദേശീയപാത പൊളിഞ്ഞതില്‍ ബിജെപിയും യുഡിഎഫും രാഷ്ട്രീയ ലാഭം നേടാനാണ് ശ്രമിക്കുന്നതെന്ന് മുഹമ്മദ് റിയാസ് കുറ്റപ്പെടുത്തി. യുഡിഎഫ് സര്‍ക്കാരിന്റെ കെടുകാര്യസ്ഥത കാരണം മുടങ്ങിയ പദ്ധതിയാണിതെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയ്ക്കായി 5560 കോടി രൂപസംസ്ഥാന സര്‍ക്കാര്‍ മുടക്കി. കേരള സര്‍ക്കാരിന്റെ റോള്‍ ജനം മനസിലാക്കിയിട്ടുണ്ടെന്നും ദേശീയപാത വികസനത്തിലെ കേരളത്തിന്റെ റോള്‍ തന്‌റെ റീലുകളിലൂടെ പറഞ്ഞുകൊണ്ടേയിരിക്കും എന്നും മുഹമ്മദ് റിയാസ്.

വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ വേണ്ടിയാണ് താന്‍ റീലുകളിടുന്നതെന്നും അത് അവസാനിപ്പിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. നിര്‍മാണത്തിലുള്ള ദേശീയപാത 66ല്‍ പലയിടങ്ങളിലും വിള്ളലുകള്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രശ്‌നങ്ങള്‍ പരിഹരിച്ച് മുന്നോട്ട് പോകുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് നേരത്തെ പ്രതികരിച്ചിരുന്നു. നിലപാട് താന്‍ നേരത്തെ വ്യക്തമാക്കിയതാണെന്നും പദ്ധതിയെ പ്രതിസന്ധിയിലാക്കാമെന്ന് യുഡിഎഫ് കരുതുന്നുണ്ടെങ്കില്‍,അത് ജനങ്ങളോടുള്ള വെല്ലുവിളിയാണ് എന്നും മന്ത്രി പറഞ്ഞിരുന്നു. സ്വന്തം ( യുഡിഎഫ് ) ഭരണകാലത്തെ കഴിവുകേട് മൂലം ഇല്ലാതായ മലയാളികളുടെ സ്വപ്ന പദ്ധതിയാണ് ദേശീയപാത വികസനം.

ഈ പദ്ധതിയെ തുടക്കത്തിലേ മുടക്കാമെന്നും തടയാമെന്നും കരുതിയ യുഡിഎഫ് പൂര്‍ത്തീകരണ ഘട്ടത്തില്‍ ഈ സാഹചര്യത്തെ സുവര്‍ണാവസരമാക്കി പദ്ധതിയെ പ്രതിസന്ധിയിലാക്കാമെന്ന് കരുതുന്നുണ്ടെങ്കില്‍ അത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

മലപ്പുറം, തൃശൂര്‍, കാസര്‍കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലാണ് ദേശീയപാതയില്‍ വ്യാപക വിള്ളലും മണ്ണിടിച്ചിലും കണ്ടെത്തിയത്. മലപ്പുറത്ത് എടരിക്കോട് മമ്മാലിപ്പടിയിലാണ് ദേശീയപാതയില്‍ വിള്ളല്‍ കണ്ടെത്തിയത്. മലപ്പുറം കൂരിയാട് ദേശീയപാതയും ഇടിഞ്ഞ് താണിരുന്നു. തൃശൂര്‍ ചാവക്കാട് നിര്‍മാണം പുരോഗമിക്കുന്ന മണത്തല പ്രദേശത്താണ് മേല്‍പ്പാലത്തിന് മുകളില്‍ വിള്ളല്‍ കണ്ടെത്തിയത്. ടാറിങ് പൂര്‍ത്തിയായ റോഡില്‍ അമ്പത് മീറ്ററിലേറെ നീളത്തിലാണ് വിള്ളല്‍. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വിള്ളല്‍ കണ്ടെത്തിയ ഭാഗം അധികൃതര്‍ ടാറിട്ട് മൂടിയിരുന്നു.

കാസര്‍കോട് ദേശീയപാത നിര്‍മാണം നടക്കുന്ന മാവുങ്കാല്‍ കല്യാണ്‍ റോഡിന് സമീപമാണ് വിള്ളല്‍ കണ്ടെത്തിയത്. 53 മീറ്റര്‍ നീളത്തിലും 4.10 മീറ്റര്‍ വീതിയിലുമാണ് വിള്ളല്‍ രൂപപ്പെട്ടത്. വിള്ളല്‍ കണ്ടതിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്ത് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഇതിന് നൂറ് മീറ്റര്‍ ദൂരം മാറി മറ്റൊരു ഭാഗത്തും വിള്ളല്‍ രൂപപ്പെട്ടിട്ടുണ്ട്. കണ്ണൂരില്‍ ദേശീയപാതയ്ക്ക് സമീപം വ്യാപക മണ്ണിടിച്ചിലെന്ന് ആരോപിച്ച് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തളിപ്പറമ്പ് കുപ്പത്താണ് സംഭവം. ദേശീയപാതയില്‍ നിന്നുള്ള മണ്ണ് വീടുകളിലേക്ക് വ്യാപകമായി എത്തുന്നുവെന്നാണ് നാട്ടുകാരുടെ ആരോപണം.

content highlights: Reels will continue, and development activities will continue to reach the people; Muhammad Riyaz

To advertise here,contact us