സംഘത്തിലുണ്ടായത് ആറ് പേർ; ഉപദ്രവമൊന്നും നേരിട്ടില്ലെന്ന് ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ട് പോയ അന്നൂസ് റോഷൻ

കൂടുതല്‍ കാര്യങ്ങള്‍ പറയരുതെന്ന് പൊലീസ് നിര്‍ദേശമുണ്ടെന്ന് അന്നൂസ്

കോഴിക്കോട്: തനിക്ക് ഉപദ്രവങ്ങളൊന്നും നേരിട്ടിട്ടില്ലെന്ന് കൊടുവള്ളിയില്‍ ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടു പോയ അന്നൂസ് റോഷന്‍. ക്വട്ടേഷന്‍ സംഘം തന്നെ മൈസൂരുവിലേക്കാണ് കൊണ്ടുപോയതെന്നും അന്നൂസ് പറഞ്ഞു. ആറുപേരാണ് സംഘത്തില്‍ ഉണ്ടായിരുന്നതെന്ന് അന്നൂസ് പറഞ്ഞു. കൂടുതല്‍ കാര്യങ്ങള്‍ പറയരുതെന്ന് പൊലീസ് നിര്‍ദേശമുണ്ടെന്ന് അന്നൂസ് കൂട്ടിച്ചേര്‍ത്തു.

തിരികെ കാറില്‍ ഉണ്ടായിരുന്നത് രണ്ട് പേരാണെന്നും താന്‍ ഉറങ്ങുന്നതിനിടെയാണ് ഇവര്‍ ഇറങ്ങിപ്പോയതെന്നും അന്നൂസ് വ്യക്തമാക്കി. ക്വട്ടേഷന് ടാക്‌സി ഡ്രൈവര്‍ക്ക് പങ്കില്ലെന്നും അന്നൂസ് പറഞ്ഞു. എല്ലാവരോടും നന്ദിയുണ്ടെന്ന് അന്നൂസിന്റെ പിതാവ് റഷീദും അറിയിച്ചു.

ഇന്നാണ് പരപ്പാറ സ്വദേശിയായ അന്നൂസ് റോഷനെ മലപ്പുറം കൊണ്ടോട്ടിയില്‍ നിന്ന് കണ്ടെത്തിയത്. തട്ടിക്കൊണ്ടുപോയി അഞ്ചാം ദിവസമാണ് അന്നൂസിനെ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തട്ടിക്കൊണ്ടുപോയ സംഘത്തിന് വാഹനങ്ങള്‍ വാടകയ്ക്ക് നല്‍കിയ കൊണ്ടോട്ടി സ്വദേശികളായ റംഷിദ് മന്‍സിലില്‍ മുഹമ്മദ് റിസ്വാന്‍(22), ചിപ്പിലിക്കുന്ന് കളത്തിങ്കല്‍ അനസ് (24), കിഴക്കോത്ത് പരപ്പാറ സ്വദേശി കല്ലില്‍ മുബമ്മദ് ഷാഫി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

മുഹമ്മദ് റിസ്വാന്‍, അനസ് എന്നിവരെ ബുധനാഴ്ചയും ഷാഫിയെ ദിവസങ്ങള്‍ക്ക് മുന്‍പുമായിരുന്നു പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണമാണ് സംഭവത്തിൽ വഴിത്തിരിവാണ്. ഇക്കഴിഞ്ഞ ശനിയാഴ്ചയായിരുന്നു 21കാരനായ അന്നൂസ് റോഷനെ ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയത്.

രണ്ട് വാഹനങ്ങളില്‍ എത്തിയവരാണ് അനൂസിനെ തട്ടിക്കൊണ്ടുപോയതെന്ന് ഉമ്മ ജമീല പറഞ്ഞിരുന്നു. പ്രതികള്‍ മുഖംമൂടി ധരിച്ചിരുന്നുവെന്നും ആദ്യം അന്നൂസിൻ്റെ ഉപ്പയെ തട്ടിക്കൊണ്ടുപോകാനാണ് സംഘം ശ്രമിച്ചതെന്നും ജമീല പറഞ്ഞിരുന്നു. അന്നൂസിൻ്റെ സഹോദരന്‍ അജ്മല്‍ റോഷന്‍ വിദേശത്താണ്. ഇയാളുമായുള്ള സാമ്പത്തിക പ്രശ്‌നങ്ങളെ തുടര്‍ന്നാണ് അന്നൂസിനെ ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയതെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം.

Content Highlights: Reaction of Annoos Roshan about his kidnapping

To advertise here,contact us