തിരുവനന്തപുരം: സംസ്ഥാനത്ത് ദേശീയ പാത തകര്ന്ന സംഭവങ്ങള് സംബന്ധിച്ച് അന്വേഷണം നടത്തി കരാറുകാര്ക്കെതിരെ കര്ശന നടപടിയെടുക്കുമെന്ന് കേന്ദ്രമന്ത്രി നിതിന് ഗഡ്കരി ഉറപ്പ് നല്കിയതായി ബിജെപി സംസ്ഥാന അധ്യക്ഷന് രാജീവ് ചന്ദ്രശേഖര്. മലപ്പുറത്തെ ദേശീയപാത തകര്ച്ചയാണ് പ്രധാനചര്ച്ചാ വിഷയമായത്. ദേശീയപാത തകരുന്നതില് ശാശ്വത പരിഹാരത്തിനായി അടിയന്തര കമ്മിറ്റി രൂപീകരിച്ച് വിഷയം പരിശോധിക്കുകയാണെന്ന് കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി പറഞ്ഞെന്നും രാജീവ് ചന്ദ്രശേഖര് പറഞ്ഞു. രണ്ടാഴ്ചക്കുള്ളില് ശാശ്വത പരിഹാരം ഉണ്ടാകും.
ആ പ്രദേശത്ത് എന്ത് ശാശ്വത പരിഹാരമാണ് വേണ്ടത് എന്ന് ചര്ച്ച ചെയ്യുമെന്നും രാജീവ് ചന്ദ്രശേഖര് വ്യക്തമാക്കി. കേന്ദ്രമന്ത്രി നിതിന് ഗഡ്കരിയുമായി ഉടന് കൂടിക്കാഴ്ച്ച നടത്തുമെന്നും അതിനായി താനും ജില്ലാ പ്രസിഡണ്ടും ഡല്ഹിയിലേക്ക് വിളിച്ചിട്ടുണ്ടന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിനെതിരെ രൂക്ഷവിമർശം ഉന്നയിച്ച രാജീവ് ചന്ദ്രശേഖർ മോദി സര്ക്കാരിനെ പ്രകീര്ത്തിച്ചാണ് സംസാരിച്ചത്. ദേശീയപാത വികസനത്തെ പ്രതിപക്ഷം തക്ക അവസരമായി കരുതരുത്. കഴിഞ്ഞ ഒന്പത് വര്ഷത്തെ വികസന പ്രവര്ത്തനങ്ങള് നടപ്പിലാക്കിയത് മോദി സര്ക്കാരാണ്. ആകെ ഇവിടെ ഉണ്ടായത് ദേശീയപാത മാത്രമാണെന്നും രാജീവ് ചന്ദ്രശേഖര് പറഞ്ഞു. നാഷണല് ഹൈവേ അതോറിറ്റി ചെറിയ കമ്പനി അല്ലെന്നും പരിശോധന നടത്തിയ ശേഷം കൂടുതല് നടപടികള് ഉണ്ടാകുമെന്നും രാജീവ് ചന്ദ്രശേഖര് വ്യക്തമാക്കി.
അതേ സമയം മലപ്പുറം കൂരിയാട് ദേശീയപാത ഇടിഞ്ഞുതാഴ്ന്ന സംഭവത്തില് നിര്മ്മാണ കരാര് കമ്പനിയായ കെഎന്ആര് കണ്സ്ട്രക്ഷന്സിനെ കേന്ദ്രം ഡീബാര് ചെയ്തു. കേന്ദ്ര ട്രാന്സ്പോര്ട്ട് മന്ത്രാലയത്തിന്റേതാണ് നടപടി. പ്രാഥമിക റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തത്. കൂടുതല് കരാര് കമ്പനിക്കെതിരെ നടപടിയുണ്ടായേക്കും. തിങ്കളാഴ്ചയായിരുന്നു മലപ്പുറം കൂരിയാട് ദേശീയപാത ഇടിഞ്ഞ് സര്വ്വീസ് റോഡിലേക്ക് പതിച്ചത്. അപകടത്തില് പരിക്കേറ്റ യാത്രക്കാര് ചികിത്സയിലാണ്. ദേശീയപാത അതോറിറ്റിയുടെ വിദഗ്ധസംഘം പ്രദേശത്തെത്തി പരിശോധന നടത്തി റിപ്പോര്ട്ട് സമര്പ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
21 നാണ് ഡല്ഹി ഐഐടി പ്രൊഫസര് ജി വി റാവു മേല്നോട്ടം വഹിച്ച രണ്ടംഗ അന്വേഷണസംഘം പ്രദേശത്തെത്തിയത്. നിര്മ്മാണ ചുമതല കെഎന്ആര് കണ്സ്ട്രക്ഷന്സിനും കണ്സള്ട്ടന്സി എച്ച്ഇസി എന്ന കമ്പനിക്കുമാണ്. കരിമ്പട്ടികയില് ഉള്പ്പെടുത്താതിരിക്കാന് കമ്പനികളില് നിന്നും കേന്ദ്രം വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തില് രണ്ട് ഉദ്യോഗസ്ഥരെ സസ്പെന്ഡ് ചെയ്യുകയും ചെയ്തു. പ്രൊജക്ട് മാനേജര് അമര്നാഥ് റെഡ്ഡി, കണ്സള്ട്ടന്റ് ടീം ലീഡര് രാജ്കുമാര് എന്നിവരെയാണ് സസ്പെന്ഡ് ചെയ്തത്.
കൂരിയാട് ദേശീയ പാത തകര്ന്നതിന് കാരണം റോഡിന് താഴെയുള്ള മണ്ണിന്റെ പ്രശ്നമാകാമെന്നായിരുന്നു സംഘത്തിന്റെ റിപ്പോര്ട്ട്. തകര്ന്ന ദേശീയപാതയുടെ മുകള് ഭാഗവും സര്വീസ് റോഡുമടക്കം പരിശോധിച്ചു. താഴത്തെ ഭാഗം പരിശോധിക്കാതെ സംഘം മടങ്ങിയതില് നാട്ടുകാര് പ്രതിഷേധിച്ചിരുന്നു. തുടര്ന്ന് തിരിച്ചെത്തിയ സംഘം സര്വീസ് റോഡ് അടക്കം പരിശോധിച്ചിരുന്നു.
content highlights: national highway conflict: solution within two weeks; Nitin Gadkari assures Rajiv Chandrasekhar