നാലു വയസ്സുകാരിയുടെ കൊലപാതകം; അന്വേഷണത്തിന് പ്രത്യേകസംഘം രൂപീകരിച്ചു

ആലുവ, പുത്തന്‍കുരിശ് ഡിവൈഎസ്പി മാരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക

എറണാകുളം: തിരുവാങ്കുളത്ത് കൊല്ലപ്പെട്ട നാലുവയസ്സുകാരി പീഡനത്തിനിരയായെന്ന പോസ്റ്റ് മോർട്ടം റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ കേസ് അന്വേഷണത്തിനായി പൊലീസ് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. ആലുവ, പുത്തന്‍കുരിശ് ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക. സൈബര്‍ വിദഗ്ധരും അന്വേഷണ സംഘത്തിലുണ്ട്. നാല് വയസ്സുകാരിയുടെ മരണത്തിൽ പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ചെങ്ങമനാട് പൊലീസ് കേസെടുത്ത് പുത്തന്‍കുരിശ് പൊലീസിന് കൈമാറി.

നാലുവയസ്സുകാരി പീഡനത്തിനിരയായി എന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ കുട്ടിയുടെ പിതാവിന്‌റെ അടുത്ത ബന്ധുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസ് ഇയാളെ മണിക്കൂറുകളായി ചോദ്യം ചെയ്തു വരികയാണ്. പോസ്റ്റ്‌മോര്‍ട്ടത്തില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബന്ധുവിനെ കസ്റ്റഡിയിലെടുത്തത്. അമ്മയെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. എന്നാല്‍ കൊലപാതകത്തിന് പ്രേരിപ്പിച്ചത് എന്താണെന്ന് സന്ധ്യ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. പരസ്പര വിരുദ്ധങ്ങളായ മൊഴികളാണ് പൊലീസിന് നല്‍കുന്നത്.

മെയ് 19 തിങ്കളാഴ്ച വൈകിട്ടോടെയായിരുന്നു നാലു വയസ്സുകാരിയെ കാണാതായെന്ന വിവരം പുറത്ത് വരുന്നത്. ആലുവയില്‍ വെച്ചാണ് കുട്ടിയെ കാണാതായതെന്നായിരുന്നു കുട്ടിയുടെ അമ്മയുടെ ആദ്യമൊഴി. അംഗനവാടിയില്‍ നിന്നും കുട്ടിയെ കൂട്ടിക്കൊണ്ടു വരുന്നതിനിടയില്‍ ബസ്സില്‍ വെച്ച് കുട്ടിയെ കാണാതാവുകയായിരുന്നു എന്നായിരുന്നു അമ്മയുടെ ആദ്യമൊഴി. ഇതിനിടയില്‍ കുട്ടിയുമായി അമ്മ പോകുന്ന ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിരുന്നു. പിന്നീടാണ് മൂഴിക്കുളം പാലത്തിന് മുകളില്‍ നിന്നും കുട്ടിയെ താഴേയ്ക്ക് ഇട്ടതായി അമ്മ പൊലീസിന് മൊഴി നല്‍കുന്നത്.

കുട്ടിയുമായി അമ്മ മൂഴിക്കുളം പാലത്തിന് സമീപം എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചതോടെയാണ് പാലത്തിന് സമീപമുള്ള പുഴയില്‍ തിരച്ചില്‍ ആരംഭിക്കുന്നത്. കുട്ടിയുടെ അമ്മയെ തിരികെ വീട്ടില്‍ വിടുമ്പോള്‍ ഒപ്പം കുട്ടിയുണ്ടായിരുന്നില്ല എന്ന് ഓട്ടോറിക്ഷാ ഡ്രൈവര്‍ റിപ്പോര്‍ട്ടറിനോട് വ്യക്തമാക്കിയിരുന്നു. കുറുമശ്ശേരി സ്റ്റാന്‍ഡില്‍ നിന്നും യുവതി മാത്രമാണ് തന്റെ ഓട്ടോയില്‍ കയറിയതെന്നായിരുന്നു ഓട്ടോ ഡ്രൈവര്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞത്.

ഇതിന് പിന്നാലെ പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും പുഴയില്‍ തിരിച്ചിലിനിറങ്ങുകയായിരുന്നു. കനത്ത മഴയും വെളിച്ചക്കുറവും തിരച്ചിലിന് പ്രതിസന്ധി സൃഷ്ടിച്ചെങ്കിലും നാട്ടുകാരുടെ സഹകരണത്തോടെ പൊലീസും ഫയര്‍ഫോഴ്‌സും നാലു വയസ്സുകാരിക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കുകയായിരുന്നു. പിന്നീട് സ്‌കൂബാ ടീമിനെ ഇവിടേയ്ക്ക് വരുത്തി തിരച്ചില്‍ വ്യാപകമാക്കി. മൂന്നര മണിക്കൂറിലേറെ നീണ്ട തിരച്ചിലിനൊടുവില്‍ പക്ഷെ ജീവനറ്റ ശരീരമാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് കണ്ടെത്താനായത്.

content highlights: Murder of four-year-old girl; Special team formed to investigate

To advertise here,contact us