മലപ്പുറം: മലപ്പുറം കൂരിയാട് ദേശീയപാത ഇടിഞ്ഞുതാഴ്ന്നതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കോഹിനൂരിലെ കരാർ കമ്പനി ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. സംസ്ഥാന ഉപാധ്യക്ഷൻ അബിൻ വർക്കി ഉൾപ്പെടെ 12 പേരെ തേഞ്ഞിപ്പാലം പൊലീസ് അറസ്റ്റ് ചെയ്യുകയും ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയയ്ക്കുകയും ചെയ്തു. പ്രകടനവുമായെത്തിയ പ്രതിഷേധക്കാർ കരാർ കമ്പനിയായ കെഎൻആർസിഎൽ ഓഫീസ് അടിച്ച് തകർത്തു.
ഗുണനിലവാര പരിശോധന ലാബിലേക്ക് തള്ളിക്കയറിയ പ്രതിഷേധക്കാരെ പൊലീസ് ബലം പ്രയോഗിച്ച് മാറ്റുകയായിരുന്നു. സംഘർഷത്തിൽ പൊലീസുകാർക്കും പരിക്കേറ്റു. അതേസമയം നെയിം പ്ലേറ്റ് ഇല്ലാതെ എത്തിയ പൊലീസുകാർ മർദ്ദിച്ചെന്നും യൂത്ത് കോൺഗ്രസ് ആരോപണം ഉന്നയിച്ചു. ദേശീയപാതയുടെ ഗുണനിലവാരം പുനഃപരിശോധിക്കണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെടുകയായിരുന്നു.
മഴക്കു മുൻപ് നിർമ്മാണം പൂർത്തീകരിക്കാൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി വാശിപിടിച്ചെന്നും റീസൽസെടുത്ത് ക്രെഡിറ്റ് എടുത്തവർ റോഡ് പൊളിഞ്ഞപ്പോൾ ക്രെഡിറ്റ് എടുക്കാൻ വരുന്നില്ലെന്നും അബിൻ വർക്കി പരിഹസിച്ചു.
Content Highlights: Youth Congress protests over collapse of Malappuram-Kuriad National Highway