സ്‌കൂള്‍ പരിസരത്ത് ലഹരി വിറ്റാല്‍ കച്ചവടസ്ഥാപനങ്ങള്‍ പൂട്ടിക്കും: എക്‌സൈസ്

വിദ്യാര്‍ത്ഥികള്‍ക്ക് ലഹരിവസ്തുക്കള്‍ ലഭിക്കുന്നത് തടയാന്‍ ലക്ഷ്യമിട്ടാണ് എക്‌സൈസിന്റെ നടപടി

തിരുവനന്തപുരം: സ്‌കൂളുകള്‍ക്ക് സമീപം ലഹരി വില്‍ക്കുന്ന വ്യാപാര സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കാനുളള നടപടികള്‍ എക്‌സൈസ് ആരംഭിച്ചു. ലഹരി ഉല്‍പ്പന്നങ്ങള്‍ പിടികൂടിയാല്‍ ആ കച്ചവടസ്ഥാപനങ്ങള്‍ പൂട്ടിക്കാനാണ് എക്‌സൈസ് തീരുമാനം. ഇക്കാര്യത്തില്‍ നടപടിയെടുക്കാന്‍ എക്‌സൈസ് തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ക്ക് കത്തുനല്‍കും. മെയ് 30-നു മുന്‍പ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലെയും പ്രധാനാധ്യാപകരുമായി കൂടിക്കാഴ്ച്ച നടത്തും. വിദ്യാര്‍ത്ഥികള്‍ക്ക് ലഹരിവസ്തുക്കള്‍ ലഭിക്കുന്നത് തടയാന്‍ ലക്ഷ്യമിട്ടാണ് എക്‌സൈസിന്റെ നടപടി.

സ്‌കൂളുകളുടെ നൂറു മീറ്റര്‍ പരിധിയില്‍ ലഹരി ഉല്‍പ്പന്നങ്ങള്‍ വിറ്റാല്‍ കച്ചവടസ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കും. നിലവിലെ നിയന്ത്രണങ്ങള്‍ ഫലപ്രദമല്ല എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ നടപടി. ലഹരി മാഫിയകള്‍ കൂടുതലായും ലക്ഷ്യമിടുന്നത് സ്‌കൂള്‍ വിദ്യാര്‍ത്ഥികളെയാണ്. സ്‌കൂളുകള്‍ തുറക്കുംമുന്‍പേ തന്നെ പ്രധാനാധ്യാപകരുമായി കൂടിക്കാഴ്ച്ച നടത്തി കുട്ടികളില്‍ അസ്വാഭാവികമായ പെരുമാറ്റം ശ്രദ്ധയില്‍പ്പെട്ടാല്‍ എക്‌സൈസിനെ വിവരമറിയിക്കണമെന്ന നിര്‍ദേശവും നല്‍കും. പുതിയ അധ്യായനവര്‍ഷം ആരംഭിക്കുന്നതിനോട് അനുബന്ധിച്ച് പൊലീസും ജാഗ്രതിയാണ്. കര്‍ശന ലഹരിവിരുദ്ധ നടപടികളാണ് പൊലീസ് നടപ്പാക്കാന്‍ പോകുന്നതെന്നാണ് വിവരം.

Content Highlights: Shops selling drugs in school premises will be shut down says Excise

To advertise here,contact us