തലമുടി പിടിപ്പിക്കൽ ചികിത്സയെ തുടർന്ന് അണുബാധ; ഡോക്ടർക്കും ജീവനക്കാർക്കുമെതിരെ കേസ്

അര ലക്ഷത്തോളം രൂപയാണ് മുടി വെച്ചുപിടിപ്പിക്കുന്നതിനായി സനിൽ ചെലവാക്കിയത്

കൊച്ചി: തലമുടി പിടിപ്പിക്കൽ ചികിത്സയെ തുടർന്ന് അണുബാധ ഉണ്ടായ സംഭവത്തിൽ പൊലീസ് കേസെടുത്തു. പനമ്പിള്ളി നഗർ ഇൻസൈറ്റ് ഡർമ്മ ക്ലിനിക്കിലെ ഡോക്ടർ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് എറണാകുളം സൗത്ത് പൊലീസ് കേസെടുത്തത്.

ഡോ. ശരത് കുമാർ, ജീവനക്കാരൻ ഗോകുൽ, കണ്ടാലറിയാവുന്ന ഒരു സ്ത്രീ എന്നിവർക്കെതിരെയാണ് നടപടി. വൈപ്പിൻ സ്വദേശിയായ സനിൽ എന്നയാൾക്കാണ് ദുരനുഭവം ഉണ്ടായത്. സമൂഹ മാധ്യമങ്ങളിലെ പരസ്യങ്ങൾ കണ്ടാണ് സനിൽ ഇൻസൈറ്റ് ഡർമ്മ ക്ലിനിക്കിലേക്കെത്തുന്നത്. തുടർന്ന് മുടി വെച്ചുപിടിപ്പിച്ചു. എന്നാൽ പിന്നീട് അസഹനീയമായ തലവേദന അനുഭവപ്പെടുകയും കൂടുതൽ പരിശോധനകളിൽ മുടി പിടിപ്പിച്ച ഭാഗത്ത് മാംസം തിന്നുതീർക്കുന്ന ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിക്കുകയും ചെയ്തു. തലയുടെ മുകൾ ഭാഗത്തെ തൊലി നഷ്ടമാകുകയും തലയോട്ടി പുറത്തുകാണാൻ തുടങ്ങുകയും ചെയ്തിരുന്നു. പിന്നീട് നിരവധി ശസ്ത്രക്രിയകൾക്ക് വിധേയനാകുകയും തുടയിൽ നിന്നെടുത്ത തൊലി തലയിൽ വെച്ചുപിടിപ്പിക്കുകയുമായിരുന്നു.

അര ലക്ഷത്തോളം രൂപയാണ് മുടി വെച്ചുപിടിപ്പിക്കുന്നതിനായി സനിൽ ചെലവാക്കിയത്. പിന്നീടുള്ള ചികിത്സയ്ക്കും വലിയ തുക ചെലവാക്കേണ്ടിവന്നു. തലയിലെ പഴുപ്പ് നീക്കം ചെയ്യാൻ സനിലിന്റെ ദേഹത്ത് ഒരു യന്ത്രസംവിധാനം ഘടിപ്പിച്ചിട്ടുണ്ട്. എവിടെ പോയാലും അത് ഉണ്ടാകണമെന്നാണ് ഡോക്ടർമാരുടെ നിർദേശം. അതുകൊണ്ടുതന്നെ നിത്യ

ജീവിതത്തിൽ ഏറെ ബുദ്ധിട്ടുകൾ അനുഭവിക്കുകയാണ് സനിൽ.

Content Highlights: case registered against clinic on fault in hair transplant surgery

To advertise here,contact us