തിരുവനന്തപുരം: പേരൂര്ക്കടയില് ദളിത് യുവതിക്കെതിരെ വ്യാജകേസെടുക്കുകയും സ്റ്റേഷനില് മാനസികമായി പീഡിപ്പിക്കുകയും ചെയ്ത സംഭവത്തില് ഒരു പൊലീസ് ഉദ്യോഗസ്ഥനെതിരെ കൂടി നടപടി. പേരൂർക്കട പൊലീസ് സ്റ്റേഷനിലെ എഎസ്ഐ പ്രസന്നനെ സസ്പെൻഡ് ചെയ്തു. സംഭവ ദിവസം സ്റ്റേഷനിലെ ജിഡി ചുമതലയുണ്ടായിരുന്നത് പ്രസന്നനായിരുന്നു. ബിന്ദുവിനോട് അസഭ്യം പറഞ്ഞതും ഈ ഉദ്യോഗസ്ഥനായിരുന്നു. കന്റോണ്മെന്റ് അസിസ്റ്റന്റ് കമ്മീഷണറുടെ റിപ്പോര്ട്ടിനെ തുടര്ന്നാണ് ഉദ്യോഗസ്ഥനെ സസ്പെന്ഡ് ചെയ്തത്. നടപടിയില് തൃപ്തിയുണ്ടെന്ന് ബിന്ദു റിപ്പോര്ട്ടറിനോട് പറഞ്ഞു.
കഴിഞ്ഞ മാസം 23നായിരുന്നു തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിനി ബിന്ദുവിനോട് പേരൂര്ക്കട പൊലീസ് ക്രൂരത കാട്ടിയത്. ബിന്ദു ജോലിക്ക് നിന്ന അമ്പലമുക്കിലെ വീട്ടില് നിന്ന് രണ്ടര പവന്റെ മാല മോഷണം പോയതായി വീട്ടുടമ ഓമന ഡാനിയേല് പേരൂര്ക്കട പൊലീസില് പരാതി നല്കുകയായിരുന്നു. തുടര്ന്ന് പൊലീസ് ബിന്ദുവിനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി വെള്ളം പേലും നല്കാതെ 20 മണിക്കൂര് ചോദ്യം ചെയ്യുകയായിരുന്നു. ഫോണ് പിടിച്ചുവാങ്ങിയ ശേഷം വനിതാ പൊലീസ് ഉദ്യോഗസ്ഥയെ കൊണ്ട് വിവസ്ത്രയാക്കി പരിശോധിച്ചു. എസ്ഐ ഉള്പ്പെടെയുള്ളവര് മാലക്കള്ളി എന്ന് വിളിച്ചും അസഭ്യം പറഞ്ഞും മണിക്കൂറുകളോളും ചോദ്യം ചെയ്തു. ഇതിനിടെ ബിന്ദു കുടിക്കാന് വെള്ളം ചോദിച്ചു. ശുചിമുറിയില് നിന്ന് കോരിക്കുടിക്കാനായിരുന്നു എഎസ്ഐ പ്രസന്നന്റെ മറുപടി.
പുലര്ച്ചെ 3.30 വരെ ചോദ്യം ചെയ്യല് തുടര്ന്നു. കുറ്റം സമ്മതിച്ചില്ലെങ്കില് മക്കളെ കേസില് കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി. ചോദ്യം ചെയ്യലിന് ശേഷം പരാതിക്കാരിയുടെ വീട്ടില് തിരച്ചിലിനായി ബിന്ദുവിനെ കൊണ്ടുപോയി. തൊണ്ടിമുതല് ലഭിക്കാതെ വന്നതോടെ തിരികെ സ്റ്റേഷനില് എത്തിച്ചു. 24ന് ഉച്ചവരെ കസ്റ്റഡിയില്വെച്ചു. ഒടുവില് സ്വര്ണമാല പരാതിക്കാരി ഓമന ഡാനിയേലിന്റെ വീട്ടില് നിന്ന് കണ്ടെത്തുകയായിരുന്നു. സംഭവത്തില് എസ്ഐ പ്രസാദിനെ അന്വേഷണവിധേയമായി സസ്പെന്ഡ് ചെയ്തിരുന്നു. എഎസ്ഐ പ്രസന്നനാണ് തന്നെ മാനസികമായി ഉപദ്രവിച്ചതെന്നും ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്നും ബിന്ദു ആവശ്യപ്പെട്ടിരുന്നു.
Content Highlights- asi prasannan suspended on dalit woman mentally harassed in perookkada police station